ഡോക്ടർമാർക്ക് പകരമാകാൻ എ.ഐ.ക്ക് കഴിയില്ല -ഗോപിനാഥ് മുതുകാട്

ഐ.എം.എ. പെരിന്തൽമണ്ണയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

പെരിന്തൽമണ്ണ : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) പെരിന്തൽമണ്ണ ബ്രാഞ്ചിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. മജീഷ്യനും ഡിഫറന്റ് ആർട്ട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടറുമായ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി. ഡോക്ടർമാർ പലഭാഗത്തുനിന്നും സമ്മർദ്ദങ്ങളും ആക്രമണങ്ങളും നേരിടുന്നുണ്ടെങ്കിലും രോഗികളുടെ മനസ്സ് ഏറ്റവും നന്നായി മനസ്സിലാക്കാൻ കഴിയുന്നത് ഡോക്ടർമാർക്കാണ്. നിർമിതബുദ്ധിയോട് (എ.ഐ.) അഭിപ്രായം ചോദിച്ചശേഷം ഡോക്ടറെ കാണാനെത്തുന്നവരുടെ എണ്ണം ഇന്ന് വർധിച്ചുവരികയാണെന്നും എന്നാൽ രോഗിയുടെ വൈകാരികാവസ്ഥയും ആശങ്കകളും തിരിച്ചറിഞ്ഞ് ഡോക്ടർ നൽകുന്ന ചികിത്സയ്ക്ക് പകരമാകാൻ എ.ഐ.ക്ക് ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ.എം.എ. ഹൗസിൽ നടന്ന ചടങ്ങിൽ ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പി. ഗോപികുമാർ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോ. കെ.പി. ഷറഫുദ്ദീൻ അധ്യക്ഷനായി.

ഐ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജോജു പോംസൺ പങ്കെടുത്തു. സെക്രട്ടറി ഡോ. സി. സയ്യിദ് ഫൈസൽ, ഡോ. വി.യു. സീതി, ഡോ. എ.വി. ജയകൃഷ്ണൻ, ഡോ. സാമുവൽ കോശി, ഡോ. കെ.എ. സീതി, ഡോ. ബി.എൻ. പവിത്ര, ഡോ. ആശിഷ് നായർ, സെക്രട്ടറി ഡോ. എം. ദിലീപ് എന്നിവർ സംസാരിച്ചു. ഡോ. എം. നിഷ (പ്രസി.), ഡോ. എം. ദിലീപ് (സെക്ര.), ഡോ. എ.ടി. സിനി (ട്രഷ.), ഡോ. കെ.ബി. ജലീൽ, ഡോ. സുജിത് എസ്. നായർ (വൈസ് പ്രസിഡന്റുമാർ), ഡോ. കൃഷ്ണദാസ് എളേടത്ത്, ഡോ. അബ്ദുൾ കെ.എം. റഊഫ് (ജോ.സെക്രട്ടറിമാർ), ഡോ. ഷാജി അബ്ദുൾ ഗഫൂർ (സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം) എന്നിവരാണ് പുതിയ ഭാരവാഹികളായി സ്ഥാനമേറ്റത്. ജില്ലയിലെ വിവിധ ഐ.എം.എ. ബ്രാഞ്ചുകളുടെ ഭാരവാഹികൾ, കെ.ജി.എം.ഒ.എ., കെ.ജി.എം.സി.ടി.എ., ഐ.ഡി.എ., റോട്ടറി, ലയൺസ് ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പ്രസിഡന്റ്സ് അപ്രീസിയേഷൻ അവാർഡുകൾ വിതരണംചെയ്തു. മുപ്പതോളം കലാകാരൻമാർ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.