വിമാനത്താവള വികസനം പ്രതിസന്ധിയിലായ മൂന്നുവീടുകളും സ്ഥലവും ഏറ്റെടുക്കാൻ നടപടി തുടങ്ങി

കൊണ്ടോട്ടി : വിമാനത്താവളവികസനത്തെ തുടർന്ന് വഴിമുട്ടിയ മൂന്നു കുടുംബങ്ങൾക്ക് മോചനമാകുന്നു. ഇവരുടെ വീടും സ്ഥലവും ഏറ്റെടുക്കാനുള്ള നടപടി തുടങ്ങി.

റൺവേയുടെ കിഴക്കുഭാഗത്ത് നെടിയിരുപ്പ് കോട്ടപ്പറമ്പിൽ സോമസുന്ദരൻ, അബ്ദുറസാഖ്, കമ്പത്ത് അബൂബക്കർ എന്നിവരുടെ വീടുകളും സ്ഥലവുമാണ് ഏറ്റെടുക്കുന്നത്. ഗസറ്റ് വിജ്ഞാപനത്തിനു ശേഷമുള്ള സാമൂഹികാഘാതപഠനം തുടങ്ങി. റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പഠനം നടത്തുന്നവരും റവന്യൂ ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചു.

റൺവേ വികസനത്തിനായി സ്ഥലം ഏറ്റെടുത്തതോടെ മൂന്നുവീടുകൾക്കും വഴിയില്ലാതായിരുന്നു. വിമാനത്താവള അതോറിറ്റിയുടെ സ്ഥലത്ത് താത്കാലികസൗകര്യമൊരുക്കിയാണ് ഇവർ പുറംലോകത്തെത്തുന്നത്. വൈദ്യുതിത്തൂണുകളും അതോറിറ്റിയുടെ സ്ഥലത്തായി. മൂന്നുവീടുകളിലും താമസം ദുസ്സഹമായതോടെ കഴിഞ്ഞ സർക്കാർ ഭൂമി ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.