പോലീസ്-യൂത്ത് കോൺഗ്രസ് ആക്രമണം: എസ്.എഫ്.ഐ. പ്രതിഷേധിച്ചു

മലപ്പുറം : സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ ഒട്ടേറെ എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ തിരുവനന്തപുരത്ത് നടന്ന പോലീസ്-യൂത്ത് കോൺഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. ജില്ലാകമ്മിറ്റി എസ്.പി. ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഡി.പി.ഒ. റോഡിൽ പോലീസ് ബാരിക്കേഡുവെച്ച് തടഞ്ഞു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ നേരിട്ടെത്തി. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതിനെത്തുടർന്ന് പോലീസ് ജലപീരങ്കി ഉപയോഗിച്ചു.
വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്നും സമരങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി എൻ. ആദിൽ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സുജിൻ അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സ്‌നേഹ, ടി. ഗോകുൽ, ജില്ലാ ജോയിന്റ് സെക്രട്ടറി അബുനൈസ് എന്നിവർ പ്രസംഗിച്ചു.