കുംഭമേളയ്ക്കുപിന്നിൽ ഗോഡ്‌സെയുടെ രാഷ്‌ട്രീയം -ബിനോയ് വിശ്വം

തിരുനാവായ : കുംഭമേളയ്ക്കായി തിരുനാവായ വേണമെന്നുപറയുന്നവർ ഗോഡ്‌സെയുടെ രാഷ്‌ട്രീയം ഉയർത്തിപ്പിടിക്കുന്നവരാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ. ദേശീയ കൗൺസിലിന്റെ ആഹ്വാനപ്രകാരം തിരുനാവായ ഗാന്ധിസ്തൂപത്തിനു സമീപം നടത്തിയ മതേതരത്വസംരക്ഷണ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെ ചിതാഭസ്‌മം ഒഴുക്കിയ ഇന്ത്യയിലെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് തിരുനാവായ. അവരവിടെ കുംഭമേള നടത്തുന്നത് ഗോഡ്സെമാരെ വളർത്തുവാൻ വേണ്ടിയാണ്.

യഥാർഥ ഹിന്ദു ഗോഡ്‌സെയല്ല, ഗാന്ധിയാണ്. വെടിയേറ്റുവീഴുമ്പോഴും രാമന്റെ പേരുവിളിച്ച ഗാന്ധിയേക്കാൾ മഹത്ത്വമുള്ള ഹിന്ദു ആരുണ്ട് ഇന്ത്യയിൽ. ഇന്ത്യയ്ക്ക് മുന്നോട്ടുപോകണമെങ്കിൽ ഹിന്ദു-മുസ്‍ലിം മൈത്രി വേണമെന്ന് ഗാന്ധിജി പറഞ്ഞു. ആ മൈത്രിയില്ലെങ്കിൽ ഇന്ത്യയില്ല. എല്ലാ മതങ്ങളെയും കമ്യൂണിസ്റ്റ് പാർട്ടിയും മാനിക്കും. പക്ഷേ, രാഷ്‌ട്രത്തിന് ഒരു മതമുണ്ടാകാൻ പാടില്ല. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ബി.ജെ.പി.യും ആർഎസ്.എസും എപ്പോഴും ഭാരതാംബയെപ്പറ്റി പറയുന്നു. അവർക്കതിന് അർഹതയില്ല. അവർക്കു വഴികാട്ടിയത് വിദേശികളായ മുസ്സോളിനിയും ഹിറ്റ്‌ലറുമാണ്.

ജനാധിപത്യം നിലനിൽക്കണമെങ്കിൽ എല്ലാവർക്കും വോട്ടവകാശമുണ്ടാകണം. ഗ്യാനേഷ്‌കുമാർ പറയുന്നു, എല്ലാവർക്കും വോട്ടവകാശം പാടില്ലെന്ന്. ക്രിസ്ത്യനാണെങ്കിൽ, മുസ്‍ലിമാണെങ്കിൽ, ദളിത് ആണെങ്കിൽ പേരുവെട്ടാം. അങ്ങനെ വെട്ടിവെട്ടി 13 കോടി പേരുകൾ വെട്ടിമാറ്റി. പാർലമെന്റ്, ഭരണഘടന എന്നിവയൊന്നും വേണ്ടാ മോദി സർക്കാരിന്, ഗ്യാനേഷ്‌കുമാർ മതി. മോദി-അമിത്ഷാ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടങ്ങൾ വിജയിക്കും -ബിനോയ് വിശ്വം പറഞ്ഞു.

ഏതെങ്കിലും മതത്തെ മാറ്റിനിർത്തുന്നതോ മതങ്ങളെ നിരസിക്കുന്നതോ അല്ല ഗാന്ധിജിയുടെ കാഴ്‌ചപ്പാടിലുള്ള മതേതരത്വമെന്ന് മുഖ്യപ്രഭാഷണം നടത്തിയ അസമിൽനിന്നുള്ള ഗാന്ധിയൻ വാൾട്ടർ ഫെർണാണ്ടസ് പറഞ്ഞു. എല്ലാ മനുഷ്യർക്കും ഒരേ ബഹുമാനം നൽകുന്ന കാഴ്‌ചപ്പാടാണത്. ക്രിസ്ത്യനും ഹിന്ദുവും മുസ്‍ലിമും ഉൾപ്പെടെ എല്ലാ മതക്കാർക്കും ഒരേ സ്ഥാനമാണിവിടെ -അദ്ദേഹം പറഞ്ഞു.

സി.പി.ഐ. ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് അധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അസിസ്റ്റന്റ്‌ സെക്രട്ടറി പി.പി. സുനീർ എം.പി., സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി.എസ്. സുനിൽകുമാർ, സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി, തിരൂർ മണ്ഡലം സെക്രട്ടറി ടി.ജെ. രാജേഷ് താമറ്റാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.