തീരാതെ തെരുവുനായശല്യം; നടപടി കാത്തുമടുത്തു

തിരുനാവായ : ആതവനാട്, തിരുനാവായ പഞ്ചായത്തുകളിൽ ബസ് കാത്തിരിപ്പുകേന്ദ്രവും തെരുവുനായകൾ കൂട്ടത്തോടെ താവളമാക്കിയിരിക്കുകയാണ്. തെരുവുനായശല്യം രൂക്ഷമായിട്ടും ഫലപ്രദമായ നിയന്ത്രണനടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന് പരാതിയുയരുന്നു. സ്‌കൂളുകളിലേക്കും മദ്രസകളിലേക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്ന കുട്ടികൾ നായകളെ ഭയന്ന് യാത്രചെയ്യേണ്ട അവസ്ഥയാണ്.

ഒറ്റയ്ക്ക് യാത്രചെയ്യുന്ന കുട്ടികളെയും വയോധികരെയും നായകൾ പിന്തുടരുന്നതായും പരാതിയുണ്ട്. ഇരുചക്രവാഹനങ്ങൾക്കു പിന്നാലെ നായകൾ കൂട്ടമായി ഓടുന്നത് അപകടസാധ്യത കൂട്ടുന്നു. പെട്ടെന്ന് റോഡിലേക്ക് നായകൾ ചാടിയെത്തുന്നത് നിയന്ത്രണം നഷ്ടപ്പെടാനും അപകടങ്ങളുണ്ടാകാനും ഇടയാക്കുന്നുണ്ട്.

തിരുനാവായ അങ്ങാടി, സൗത്ത് പല്ലാർ, തിരുത്തി, എടക്കുളം, കാരത്തൂർ, ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂർ ചന്ദനക്കാവ്, കാട്ടാംകുന്ന്, കാവുങ്ങൽ, മേൽപ്പുത്തൂർ, പരിതി, മാട്ടുമ്മൽ, കാട്ടിലങ്ങാടി, കൂടശ്ശേരിപ്പാറ, പൂളമംഗലം എന്നിവിടങ്ങളിലെല്ലാം തെരുവുനായകൾ കൂട്ടത്തോടെ വിലസുകയാണ്.

പ്രദേശങ്ങളിൽനിന്നെല്ലാം കടിയേറ്റ് ചികിത്സ കഴിഞ്ഞവർ നൂറിലധികംവരും.

തെരുവുനായകളുടെ പ്രജനനം നിയന്ത്രിക്കുന്നതിനുള്ള നിയമാനുസൃത നടപടികൾ കാര്യക്ഷമമാക്കണം, നായകളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കെടുപ്പ് നടത്തണം, ആവശ്യമായ വന്ധ്യംകരണവും പ്രതിരോധ കുത്തിവെപ്പുകളും വേണം എന്നിവയാണ് ജനങ്ങളുടെ ആവശ്യം. തദ്ദേശസ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും ഏകോപനത്തോടെ സ്ഥിരം സംവിധാനം ഒരുക്കണമെന്നും ആവശ്യമുയരുന്നു.

ആതവനാട്, തിരുനാവായ പഞ്ചായത്തുകളിൽ ശല്യം രൂക്ഷം; ജനം ഭീതിയിൽ

കുറ്റിപ്പുറത്ത് തെരുവുനായശല്യത്തിനൊപ്പം കന്നുകാലിശല്യവും

കുറ്റിപ്പുറം : കുറ്റിപ്പുറത്ത് തെരുവുനായശല്യത്തിനൊപ്പം അലഞ്ഞുതിരിയുന്ന കന്നുകാലികളും ജനങ്ങളെ ഭയാശങ്കയിലാക്കുന്നു. റെയിൽവേ സ്റ്റേഷൻ ബസ്‌സ്റ്റാൻഡ്, ഹൈസ്കൂൾ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായശല്യം ഏറെയുള്ളത്. അലഞ്ഞുതിരിയുന്ന കന്നുകാലികൾ കൂടുതലായും ഉള്ളത് തിരൂർ റോഡിലാണ്. റെയിൽവേ സ്റ്റേഷനിലെ രണ്ട് പ്ളാറ്റ് ഫോമുകളിലും തെരുവുനായകൾ കൂട്ടമായെത്തുന്നുണ്ട്. പലസമയത്തും ഇവ യാത്രക്കാർക്കുനേരെ കുരച്ചുവരാറുണ്ട്. ഇവ കുരച്ചുവരുന്നത് കണ്ട് ഭയന്നോടിയ കുട്ടികളടക്കം പലർക്കും ഇതിനകം പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പുഴയിലേക്ക് അഴിച്ചുവിടുന്ന കന്നുകാലികളാണ് തിരൂർ റോഡിൽ വ്യാപകമായി അലഞ്ഞുതിരിയുന്നത്. അലഞ്ഞുതിരിയുന്ന കന്നുകാലികൾ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

എ.ബി.സി. പദ്ധതി പുനരാരംഭിക്കണം

:ജില്ലയിൽ നാലുവർഷത്തോളമായി നിർത്തിവെച്ച എ.ബി.സി. പദ്ധതി പുനരാരംഭിക്കണം. ഷെൽട്ടർ ഹോം വഴി നായകളെ പാർപ്പിക്കാനുള്ള സൗകര്യമൊരുക്കി വന്ധ്യകരണം നടത്തി പുറത്തുവിടണം. കൂടാതെ എ.ബി.സി. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വഴി നടപ്പാക്കിയാൽ ഒരുപരിധിവരെ നായശല്യത്തിന് പരിഹാരമാകും. മൃഗസംരക്ഷണവകുപ്പിനു കീഴിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുകയും വേണം.

ഉമ്മർ ചിറക്കൽ,

പരിസ്ഥിതി പ്രവർത്തകൻ