ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു

പൊന്നാനി : ഭാരതപ്പുഴയിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.
ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി ചമ്രവട്ടം റെഗുലേറ്ററിന്റ വടക്കുഭാഗത്തുമായാണ് ഉപ്പുവെള്ളം കയറാതിരിക്കാൻ 150 മീറ്റർ നീളത്തിലും ആറുമീറ്റർ വീതിയിലുമായി കരിങ്കൽഭിത്തി നിർമിക്കുന്നത്. വേലിയേറ്റ സമയത്ത് ഭാരതപ്പുഴയിലേക്ക് കടൽവെള്ളം കയറുന്നതിനാൽ ക്ഷേത്രത്തിലെ കിണറിൽ വേനൽക്കാലത്ത് ഉപ്പുവെള്ളം കലരുന്ന പ്രതിഭാസം വർഷങ്ങളായുണ്ട്.
ഇതു തടയാനാണ് എഴുപത്തിയേഴുലക്ഷം രൂപ ചിലവിൽ കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചിട്ടുള്ളത്. വേനൽ സമയത്താണ് പുഴയിൽ ഉപ്പുവെള്ളം കലരുന്ന പ്രശ്നം രൂക്ഷമാകുന്നത്. ഭിത്തി നിർമാണം പൂർത്തിയായാൽ വെള്ളം പുഴയുടെ അടിത്തട്ടിലേക്ക് ഇറങ്ങിപ്പോവാതിരിക്കാൻ ക്ഷേത്രത്തോട് ചേർന്നുള്ള ഭാഗത്തുള്ള റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നിടും. മറ്റു ഷട്ടറുകൾ അടച്ചിട്ട് വെള്ളത്തിന്റെ ഒഴുക്ക് തുറന്നിട്ട ഷട്ടറുകൾക്കിടയിലൂടെയാക്കി ഉപ്പുവെള്ളം കലരുന്നത് തടയാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ചമ്രവട്ടം റെഗുലേറ്ററിൽ ജലം സംഭരിക്കുന്നതിനുള്ള ഷീറ്റ് പൈലിങ്ങ് ജോലി കഴിഞ്ഞവർഷം അഞ്ഞൂറുമീറ്ററോളം പൂർത്തിയായിരുന്നു. ബാക്കിയുള്ള അഞ്ഞൂറുമീറ്റർ ജോലി അടുത്തമാസം ആരംഭിക്കും.