തന്ത്രി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാട് 85-ാം പിറന്നാളിന്റെ നിറവിൽ

എരമംഗലം : കോഴിക്കോട് തളി മഹാദേവക്ഷേത്രം, തിരൂർ തൃക്കണ്ടിയൂർ തുടങ്ങി മലബാറിലെ പ്രമുഖ ക്ഷേത്രങ്ങളിൽ തന്ത്രിയായ ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാട് 85-ാം പിറന്നാളിന്റെ നിറവിൽ. എരമംഗലം പെരുമുടിശ്ശേരി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാട് തന്ത്രവിദ്യയിലെ അറിവിനൊപ്പം ചിത്രകലയിലും കൃഷിയിലും ഒരുപോലെ മികവുതെളിയിച്ചിട്ടുണ്ട്. കഥകളി, കൂടിയാട്ടം തുടങ്ങിയ കലാരൂപങ്ങളിലും കർണാടകസംഗീതത്തിലും പ്രാവീണ്യവുമുണ്ട്.

പതിനാലാംവയസ്സിൽ അച്ഛൻ ശങ്കരനാരായണൻ നമ്പൂതിരിയിൽനിന്നാണ് തന്ത്രവിദ്യ പഠിക്കുന്നത്. പാരമ്പര്യമായി കൈവന്ന തന്ത്രവിദ്യയുടെ ഔന്നത്യത്തിലും ലളിതമായ ജീവിതശൈലിയാണ് ശങ്കരനാരായണൻ നമ്പൂതിരിയെ വ്യത്യസ്തനാക്കുന്നത്.

ചേന്നാസ് മനയുടെ പാലാഞ്ചി പാടത്ത് നെൽക്കൃഷിക്ക് ഇപ്പോഴും നേതൃത്വംനൽകിവരുന്നത് ഈ എൺപത്തിയഞ്ചുകാരനാണ്. കാൻവാസിൽ ചായങ്ങൾ പകർത്തി സർഗാത്മകത തെളിയിക്കാനും സാധിച്ചിട്ടുണ്ട്. കുഞ്ഞുനാളിൽ ഒരു സ്ത്രീയുടെ ചിത്രംവരച്ച്‌ അച്ഛന് കാണിച്ചുകൊടുത്തു. മകൻ വരച്ച ചിത്രം കുടുംബക്കാർക്കും സുഹൃത്തുക്കൾക്കും മുൻപിൽ അഭിമാനത്തോടെ അച്ഛൻ കാണിച്ചു. ഇതോടെ ചിത്രംവരയിൽ കമ്പംകയറി. കഥകളി, കളമെഴുത്ത് എന്നിവ കാൻവസിൽ പകർത്തി. മനസ്സിൽ മന്ത്രങ്ങൾകൊണ്ട് എഴുതിയ ധ്യാനരൂപങ്ങളെ വരകളും വർണങ്ങളുംകൊണ്ട് കാൻവാസിലേക്കു പകർത്തി. ഇതിനോടകം ആയിരത്തിലെറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ചേന്നാസ് നമ്പൂതിരിപ്പാട് ദിവസങ്ങൾനീണ്ട സാധനയോടെ വരച്ച മഹാവിഷ്ണുവിന്റെ ശയനരൂപം തളി മഹാക്ഷേത്രത്തിനു സമർപ്പിച്ചിരുന്നു. പിറന്നാൾ ആഘോഷിക്കുന്ന തന്ത്രിക്ക് ആശംസകൾ നേരാൻ ഞായറാഴ്‌ച നാട്ടുകാരും വിശ്വാസികളും വിവിധരംഗങ്ങളിൽനിന്നുള്ളവരും പെരുമുടിശ്ശേരി ചേന്നാസ് മനയിലെത്തും.