സ്വപ്നസാഫല്യത്തിൽ കമ്പിവളപ്പ് നിവാസികൾ

71 കുടുംബങ്ങൾക്ക് മന്ത്രി എ.പി. അനിൽകുമാർ പട്ടയം വിതരണം ചെയ്തു

കൊളത്തൂർ : കുറുവ പഞ്ചായത്തിലെ 20, 23 വാർഡുകളിൽ താമസിക്കുന്ന കമ്പിവളപ്പ് നിവാസികൾ 30 വർഷത്തോളമായി അനുഭവിച്ചിരുന്ന പട്ടയപ്രശ്നത്തിന് പരിഹാരമായി. 71 കുടുംബങ്ങൾക്ക് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പട്ടയം വിതരണം ചെയ്തു.

8.9 ഏക്കർ മിച്ചഭൂമി പട്ടയമാണ് വിതരണം ചെയ്തത്. അവശേഷിക്കുന്ന പട്ടയത്തിനുള്ള അപേക്ഷകളിൽ വളരെ വേഗത്തിൽ പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ജനസംഖ്യാനുപാതികമായി വില്ലേജുകളിലെ അസന്തുലിതാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കുറുവ വില്ലേജ് വിഭജിച്ച് പാങ്ങ് വില്ലേജ് രൂപവത്കരണം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. മന്ത്രിയിൽനിന്ന്‌ പുളിക്കൽ ജുവൈരിയ ആദ്യ പട്ടയം ഏറ്റുവാങ്ങി.

ചട്ടിപ്പറമ്പ് ലിംറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മഞ്ഞളാംകുഴി അലി എം.എൽ.എ. അധ്യക്ഷനായി. പട്ടയം ലഭിക്കുന്നതിന് പരിശ്രമിച്ച കിളിയമണ്ണിൽ ഹംസയെ ആദരിച്ചു. കളക്ടർ ഡോ. വിനയ് ഗോയൽ വിശിഷ്ടാതിഥിയായി.

മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ, കുറുവ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽസലാം പാലത്തിങ്ങൽ, കോഡൂർ പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി, ജില്ലാ പഞ്ചായത്തംഗം ഫൗസിയ പെരുമ്പള്ളി, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, എൽ.ആർ. ഡെപ്യൂട്ടി കളക്ടർ പി. അഖിൽ, കുറുവ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുലൈഖ മോഴിക്കൽ, പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ എം. ശാക്കിർ, കെ.കെ. അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു. പട്ടയ വിഷയം മഞ്ഞളാംകുഴി അലി എം.എൽ.എ., മുൻ എം.എൽ.എ. ടി.എ. അഹമ്മദ് കബീർ എന്നിവർ നിയമസഭയിൽ പലതവണ ഉന്നയിച്ചിരുന്നു.