റസ്റ്ററന്റിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം

ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും ഓടിരക്ഷപ്പെട്ടു
താനൂർ : താനാളൂർ ചുങ്കത്ത് റസ്റ്ററന്റിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് വൻ തീപ്പിടിത്തം.
ചുങ്കത്തെ ആംബിയൻസ് കഫേയിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം.
സ്ഥാപനം പൂർണമായും കത്തിനശിച്ചു. താനൂരിൽനിന്നുള്ള രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെയാണ് തീയണച്ചത്.
ഹോട്ടലിലുണ്ടായിരുന്ന ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാൽ വൻദുരന്തം ഒഴിവായി.
ഫർണിച്ചറും ഹോട്ടലിലെ ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. അഗ്നിരക്ഷായൂണിറ്റിലെ അഖിൽ, അശ്വിൻ, ശ്രീജിത്ത്, റഫീഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിപ്പ തെയ്യമ്പാടിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. വലിയ സാമ്പത്തികനഷ്ടമുണ്ടായതായി സ്ഥാപനത്തിന്റെ ഉടമ പറഞ്ഞു.