നാലരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പ്; ഒടുവിൽ സ്വപ്നസാക്ഷാത്കാരം

മഞ്ചേരി : കുരുന്നുകൾക്ക് പഠിക്കാൻ ഒരു എൽ.പി. സ്‌കൂളിനായി പയ്യനാട് എലമ്പ്രക്കാർ പിരിവെടുത്ത് ഒരേക്കർ ഭൂമി വാങ്ങിസർക്കാരുകൾക്കുമുൻപിൽ അപേക്ഷനൽകി കാത്തിരുന്നത് ഒന്നും രണ്ടും വർഷമല്ല, നാലരപ്പതിറ്റാണ്ടുകാലം!
പലവിധ മുട്ടുന്യായങ്ങൾ പറഞ്ഞ് സർക്കാരുകൾ കൈയൊഴിഞ്ഞു. ആവശ്യം സാധിച്ചെടുക്കാൻ ഒടുവിൽഅവർ രാജ്യത്തെ പരമോന്നത കോടതിയെത്തന്നെ സമീപിച്ചു. എലമ്പ്രയിൽ മൂന്നുമാസത്തിനകം എൽ.പി. സ്‌കൂൾ സ്ഥാപിക്കണമെന്ന് 2025 നവംബർ 25-ന് സുപ്രീംകോടതി ഉത്തരവിട്ടു. മാസം പത്തുകഴിഞ്ഞിട്ടും കോടതിവിധി നടപ്പായില്ല. പ്രതീക്ഷ കൈവിടാതെ സ്‌കൂൾ കർമസമിതി സർക്കാരിന് നിവേദനങ്ങൾ നൽകിക്കൊണ്ടിരുന്നു. ഒടുവിൽ സർക്കാർ ഉത്തരവിലൂടെതങ്ങളുടെ ആ സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണിവർ.
സർക്കാരുകൾ അവഗണിച്ചു
മഞ്ചേരി നഗരസഭയിലും തൃക്കലങ്ങോട് പഞ്ചായത്തിലും ഉൾപ്പെട്ട എലമ്പ്രയിൽ നാനൂറോളം കുടുംബങ്ങളുണ്ട്. ഇവിടെ കുട്ടികൾക്ക് പ്രാഥമികവിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ താണ്ടണം. ചെറിയ കുട്ടികൾവരെ സ്വകാര്യ ബസുകളിലും ഓട്ടോറിക്ഷകളിലുമൊക്കെയാണ് സ്‌കൂളിൽ പോകുന്നത്.മൂന്നരക്കിലോമീറ്ററിനുള്ളിൽ പ്രാഥമിക വിദ്യാലയങ്ങളില്ലാത്തതിനാൽ ഭൂമി വാങ്ങിനൽകിയാൽ കെട്ടിടം പണിയാമെന്നും സ്‌കൂളിനായി ശ്രമംനടത്താമെന്നും നഗരസഭ വാഗ്‌ദാനംനൽകി.
ഇതനുസരിച്ച് 1982-ൽ നാട്ടുകാർ പണപ്പിരിവ് നടത്തി സ്‌കൂളിനായി ഒരേക്കർ ഭൂമി വാങ്ങി. പക്ഷേ, മാറിമാറി വന്ന സർക്കാരുകൾ സ്‌കൂൾ അനുവദിച്ചില്ല.
സാധ്യതാപഠനം ചവറ്റുകൊട്ടയിലിട്ടു
2015-ൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ നടത്തിയ സ്‌കൂൾ സാധ്യതാപഠനത്തിൽ പ്രദേശത്തുകാരുടെ ആവശ്യം ന്യായമാണെന്നു കണ്ടെത്തിയിരുന്നു.തസ്തിക നഷ്ടപ്പെട്ട അധ്യാപകബാങ്കിലുള്ളവരെ ഉപയോഗിച്ച് അധികബാധ്യതയില്ലാതെ സ്‌കൂൾ ഇവിടെ നടത്താമെന്നും റിപ്പോർട്ട് നൽകി.സ്‌കൂൾ കർമസമിതി കൺവീനർ തേനത്ത് മുഹമ്മദ് ഫൈസി ഈ ആവശ്യവുമായി സർക്കാരിനെ സമീപിച്ചു.
പുതുതായി സ്‌കൂൾ അനുവദിക്കുന്നതിന് സർക്കാർ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു 2018-ൽ സർക്കാർ നൽകിയ മറുപടി. ജനപ്രതിനിധികൾ വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ ഇവിടെ അങ്ങനെയൊരു സ്‌കൂളിന് സാധ്യത കണ്ടെത്തിയിട്ടില്ലെന്നായിരുന്നു സ്‌കൂൾ മാപ്പിങ് വിശദീകരിച്ച് അന്നത്തെ വിദ്യാഭ്യാസമന്ത്രിയുടെ മറുപടി.
സുപ്രീംകോടതി കയറിയ കേസ്
മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനുമെല്ലാം പ്രദേശത്ത് സ്‌കൂൾ തുടങ്ങുന്നതിനെ അനുകൂലിച്ചെങ്കിലും പൊതുവിദ്യാഭ്യാസവകുപ്പും സർക്കാരും അനങ്ങിയില്ല. ഇതിനെതിരേ നാട്ടുകാരുടെ പിന്തുണയോടെ തേനത്ത് മുഹമ്മദ് ഫൈസി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി.
തുടർന്ന് പ്രദേശത്ത് സ്‌കൂൾ അനുവദിക്കുന്നതിന് മൂന്നുമാസത്തിനകം നടപടി സ്വീകരിക്കണമെന്ന് 2020-ൽ ഹൈക്കോടതി സർക്കാരിന് നിർദേശംനൽകി.
ഒരുവർഷം കഴിഞ്ഞിട്ടും നടപടിയുണ്ടാകാതെവന്നപ്പോൾ ഫൈസി കോടതിയലക്ഷ്യക്കേസുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ച് കേസിൽ സ്റ്റേവാങ്ങി. ഈ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് 2021-ൽ ഫൈസിയുടെ നേതൃത്വത്തിൽ കർമസമിതി സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസ് പരിഗണിച്ച പ്പോൾ കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെ.ഇ.ആർ.) പാലിച്ചുകൊണ്ടുമാത്രമേ സ്‌കൂൾ അനുവദിക്കാനാകൂവെന്ന നിലപാടാണ് കഴിഞ്ഞ സർക്കാർ കോടതിയിൽ സ്വീകരിച്ചത്. ഇതിനെ കോടതി രൂക്ഷമായി വിമർശിച്ചു. നൂറുശതമാനം സാക്ഷരതയുള്ള സംസ്ഥാനം സ്‌കൂൾ അനുവദിക്കുന്നതിനെ എതിർക്കുന്നതെന്തിനാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
എലമ്പ്രയിൽ മൂന്നുമാസത്തിനകം എൽ.പി. സ്‌കൂൾ അനുവദിക്കണമെന്ന് ഉത്തരവിട്ട കോടതി, വിദ്യാഭ്യാസ അവകാശനിയമത്തിലെ മാനദണ്ഡപ്രകാരം പ്രൈമറി സ്‌കൂളില്ലാത്ത സ്ഥലത്ത് അവ തുടങ്ങുന്നതിന് ആറുമാസത്തിനകം നടപടി സ്വീകരിക്കാനും സംസ്ഥാന സർക്കാരിന് നിർദേശംനൽകി.