കോട്ടയ്ക്കലിലെ തെരുവുനായശല്യത്തിന് പരിഹാരമൊരുങ്ങുന്നു

എ.ബി.സി. സെന്റർ നിർമിക്കാൻ 10ലക്ഷം രൂപ വകയിരുത്തി
കോട്ടയ്ക്കൽ : നഗരസഭയിൽ തെരുവുനായശല്യം വർധിച്ച സാഹചര്യത്തിൽ
തെരുവുനായ്‌ക്കളുടെ പെരുപ്പം തടയുന്നതിനുള്ള എ.ബി.സി. (ആനിമൽ ബെർത്ത് കൺട്രോൾ) പദ്ധതിക്കായി നഗരസഭ 10 ലക്ഷം രൂപ വകയിരുത്തി.
എ.ബി.സി. സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുന്നമുറയ്ക്ക് നഗരസഭയിൽ പദ്ധതി പൂർണ്ണമായതോതിൽ നടപ്പാക്കുമെന്ന് നഗരസഭാധ്യക്ഷൻ കെ.കെ. നാസർ പറഞ്ഞു.
നഗരസഭാധ്യക്ഷന്റെ അധ്യക്ഷതയിൽച്ചേർന്ന യോഗത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന തെരുവുനായ ആക്രമണങ്ങൾക്ക് അടിയന്തരപരിഹാരം കാണുന്നതിനായിച്ചേർന്ന യോഗത്തിലാണ് തീരുമാനം.
പ്രധാന തീരുമാനങ്ങൾ
-തെരുവുനായ്‌ക്കൾ കൂട്ടത്തോടെ തടിച്ചുകൂടുന്നത് തടയുന്നതിനായി നഗരസഭയിൽ മാലിന്യ നിർമ്മാർജ്ജനം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കും.
-വീട്ടുപറമ്പുകളിലും പൊതു ഇടങ്ങളിലും മാലിന്യം വലിച്ചെറിയുന്നതിനെതിരേ ബോധവത്കരണം സംഘടിപ്പിക്കും
-പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കും.
-നഗരസഭാ പരിധിയിലെ എല്ലാ വളർത്തുനായ്‌ക്കൾക്കും ലൈസൻസ് നിർബന്ധമാക്കും. ലൈസൻസുള്ള നായ്‌ക്കൾക്ക് മാത്രമേ മൃഗാശുപത്രിമുഖേന മരുന്നുകളും മറ്റ് ചികിത്സാസൗകര്യങ്ങളും നൽകുകയുള്ളൂ.
-തെരുവുനായ്‌ക്കൾക്ക് ഭക്ഷണംനൽകുന്നതിനായി എല്ലാ വാർഡുകളിലും അനുയോജ്യമായ ഫീഡിങ് പോയിന്റുകൾ കണ്ടെത്തി അടയാളപ്പെടുത്താൻ അതത് വാർഡ് കൗൺസിലർമാരെ ചുമതലപ്പെടുത്തി
- തെരുവുനായ്‌ക്കൾക്ക് പേവിഷബാധയ്ക്കെതിരേയുള്ള പ്രതിരോധ കുത്തിവെപ്പുകൾ ഘട്ടംഘട്ടമായി നൽകാൻ വെറ്ററിനറി ഡോക്ടറെ ചുമതലപ്പെടുത്തി.
വെറ്ററിനറി സർജൻ ഡോ. കാർത്തികേയൻ, ജനപ്രതിനിധികൾ, നാട്ടുകാർ, സ്ഥിരംസമിതി അധ്യക്ഷർ, കൗൺസിലർമാർ, നഗരസഭാ ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
മൃഗഡോക്ടർ ചാർജ്ജെടുത്തു
കാലങ്ങളായി മൃഗഡോക്ടർ ഇല്ലാതിരുന്ന കോട്ടയ്ക്കൽ മൃഗാശുപത്രിയിൽ മൃഗഡോക്ടർ ചുമതലയേറ്റു. വെറ്ററിനറി സർജൻ ഡോ. കാർത്തികേയനാണ് തിങ്കളാഴ്ച ചുമതലയേറ്റത്. കഴിഞ്ഞദിവസം പണിക്കർക്കുണ്ടിൽ മൂന്ന് പേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ സാഹചര്യത്തിൽ മൃഗാശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ആക്രമിച്ച നായയ്ക്ക് പേവിഷബാധയുള്ളതാണോ എന്ന് പരിശോധിക്കുന്നതിലടക്കം ഇതുമൂലം തടസ്സം നേരിട്ടു.