സൗരോർജ തൂക്കുവേലിയുടെ പരിചരണം ഉറപ്പാക്കും

ജനജാഗ്രതാസമിതി യോഗം
കരുളായി : വന്യജീവിശല്യം ചെറുക്കാൻ വനാതിർത്തിയിലെ സ്വകാര്യഭൂമിയിലൂടെ കിഫ്ബി ഫണ്ടിൽ സ്ഥാപിച്ച സൗരോർജ തൂക്കുവേലിയുടെ പരിചരണം ഉറപ്പാക്കാൻ ജനജാഗ്രതാസമിതി അവലോകനയോഗം തീരുമാനിച്ചു.
നിലവിൽ വേലിക്കു സമീപത്തെ കാടുവെട്ടി സംരക്ഷിക്കുന്നതടക്കമുള്ള ചുമതല കർഷകർക്കാണ്. എന്നാൽ ചിലയിടങ്ങളിൽ കാടുകയറി തകരാർ സംഭവിക്കുകയും അതുവഴി ആനകൾ കൃഷിയിടങ്ങളിലേക്കും ജനവാസമേഖലയിലേക്കും പ്രവേശിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒഴിവാക്കാൻ കരുളായി, വാരിക്കൽ, മൈലമ്പാറ, ചെറുപുഴ മേഖകളിൽ വാർഡംഗങ്ങളുടെ നേതൃത്വത്തിൽ ഉപസമിതികൾ വിളിച്ചുകൂട്ടാനും തീരുമാനമായി.
മൈലമ്പാറ ഭാഗത്ത് കെ.എസ്.ഇ.ബി.യുടെ ലൈനിന് സമീപത്തുകൂടിയുള്ള ഭാഗത്ത് തൂക്കുവേലി സ്ഥാപിച്ചിട്ടില്ല. അതിനാൽ കെ.എസ്.ഇ.ബി. ലൈൻ കേബിളിലേക്ക് മാറ്റാനുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെക്കൂടി ഉൾപെടുത്തി യോഗംചേരാനും പ്രദേശം പരിശോധന നടത്താനും തീരുമാനിച്ചു. ജനജാഗ്രതാസമിതി ചെയർമാനും കരുളായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി. ഷീജ അധ്യക്ഷയായി. കരുളായി റെയ്‌ഞ്ചോഫീസർ പി.കെ. മുജീബ് റഹ്‌മാൻ റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് ഇ.കെ. ഉസ്‌മാൻ, സ്ഥിരംസമിതി അധ്യക്ഷരായ സിബി വർഗീസ്, പി.പി. കദീജ, ബ്ലോക്ക് പഞ്ചായത്തംഗം ടി. സുരേഷ്‌ബാബു, പഞ്ചായത്ത് സെക്രട്ടറി എ.ജെ. സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി കെ. ജയൻ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സുജിത്ത്കുമാർ, എസ്.ഐ. ദിനേഷ്, ഡെപ്യൂട്ടി റെയ്ഞ്ചർ എ.എസ്. ബിജു, കൃഷി ഓഫീസർ ഇ. സുധീഷ്ണ, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ, പി.ആർ.ടി. പ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.