പൂക്കൈതക്കടവിൽ വള്ളംകളി പവിലിയൻ

പ്രാഥമിക പഠനങ്ങൾക്കായി 4.15 ലക്ഷം രൂപ അനുവദിച്ചു
പൊന്നാനി : കടവനാട് ജലോത്സവം നടക്കുന്ന പൂക്കൈതക്കടവിൽ വള്ളംകളി പവിലിയനും സംരക്ഷണഭിത്തിയും നിർമിക്കുന്നതിനുള്ള പദ്ധതിക്ക് കളമൊരുങ്ങുന്നു.
പദ്ധതിയുടെ പ്രാഥമിക പഠനങ്ങൾക്കായി 4.15 ലക്ഷം രൂപ ഇറിഗേഷൻ വകുപ്പ് അനുവദിച്ചു. മണ്ണ് പരിശോധന, ടോപ്പോഗ്രാഫിക് സർവേ, റിവർ ക്രോസ് സെക്‌ഷൻ സർവേ, ബെഞ്ച്മാർക്ക് സ്ഥാപിക്കൽ, ചെളിയുടെ സാധ്യതാപഠനം തുടങ്ങിയവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇറിഗേഷൻ ചീഫ് എൻജിനിയർ പി. ശ്രീദേവി ഉത്തരവ് പുറപ്പെടുവിച്ചു. പൂക്കൈതക്കടവിൽ വള്ളംകളി പവിലിയൻ വേണമെന്നത് ഏറെക്കാലമായി ഉയർന്നുവന്നിരുന്ന ആവശ്യമായിരുന്നു. ജലോത്സവം കാണാൻ ആയിരക്കണക്കിനാളുകളാണ് വിവിധ ഭാഗങ്ങളിൽനിന്നായി പൂക്കൈതക്കടവിലെത്താറുള്ളത്. എന്നാൽ, ഇത്രയധികം ആളുകളെ ഉൾക്കൊള്ളാനും സുരക്ഷിതമായി മത്സരം വീക്ഷിക്കാനും ആവശ്യമായ സ്ഥിരം പവിലിയൻ ഇല്ലാത്തത് വെല്ലുവിളിയുയർത്തിയിരുന്നു. സ്ഥിരം പവിലിയൻ യാഥാർഥ്യമാകുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പവിലിയനോടൊപ്പം പൂക്കൈതക്കടവിന്റെ സംരക്ഷണത്തിനായി സംരക്ഷണഭിത്തിയും നിർമിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഇതിനായുള്ള സാങ്കേതിക സാധ്യതകൾ കൂടി പഠനത്തിന്റെ ഭാഗമായി വിലയിരുത്തും.
മണ്ണിന്റെ സ്വഭാവം, പ്രദേശത്തിന്റെ ഭൂപ്രകൃതി, പുഴയുടെ ഒഴുക്ക്, പുഴയുടെ വിവിധ ഭാഗങ്ങളിലെ ആഴവും വീതിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്തിമ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കുക. പൂക്കൈതക്കടവിൽ സ്ഥിരം വള്ളംകളി പവിലിയൻ യാഥാർഥ്യമാകുന്നതോടെ പൊന്നാനിയുടെ ജലോത്സവത്തിന് പുതിയ മുഖം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വള്ളംകളി പ്രേമികളും നാട്ടുകാരും.
ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും
വിവിധ സാങ്കേതിക പഠനങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഒരു മാസത്തിനകം പഠന റിപ്പോർട്ട് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. റിപ്പോർട്ട് ലഭിച്ചശേഷം വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിയും സാങ്കേതികാനുമതിയും വേഗത്തിൽ ലഭ്യമാക്കുകയും തുടർന്ന് അന്തിമ ടെൻഡർ നടപടികളിലേക്ക് കടക്കുകയും ചെയ്യും.
-കെ.പി. നൗഷാദ് അലി
എം.എൽ.എ.