ജമലുല്ലൈലി ഉറൂസിന് കൊടിയേറി

തേഞ്ഞിപ്പലം : ജമലുല്ലൈലി ഉറൂസിന് തേഞ്ഞിപ്പലം ജമലുല്ലൈലി മഖാം പരിസരത്ത് കൊടിയേറി. അൽ ആരിഫു ബില്ലാഹി അൽ മജ്ദൂബ് അസ്സയ്യിദ് സ്വാലിഹ് ജമലുല്ലൈലി (നൊസ്സൻ തങ്ങളുപ്പാപ്പ) യുടെ 46-ാമതും, ഫള്ൽ ബിൻ സ്വാലിഹ് ജമലുല്ലൈലി തങ്ങളുടെ 18-ാമതുമായ ഉറൂസിന്റെ ഭാഗമായി വിവിധ ആത്മീയ, വൈജ്ഞാനിക പരിപാടികളാണ് നടക്കുന്നത്. ഖുത്ബുസ്സമാൻ മുഹമ്മദ് ബാ ഹസ്സൻ ജമലുല്ലൈലി മഖാം സിയാറത്തോടെ ആരംഭിച്ച ചടങ്ങുകൾക്ക് ഹുസൈൻ കോയ ജമലുല്ലൈലി അസ്സഖാഫി കടലുണ്ടി നേതൃത്വംനൽകി. വിവിധ മഖാമുകളിൽ സിയാറത്ത് നടന്നു. അലവി ജമലുല്ലൈലി വെളിമുക്കിന്റെ നേതൃത്വത്തിൽ മഖാം സിയാറത്തും ഖത്മുൽ ഖുർആൻ മജ്‌ലിസും നടന്നു. വൈകീട്ട് നടന്ന അനുസ്മരണസമ്മേളനത്തിൽ മുഹമ്മദ് ബാഫഖി അധ്യക്ഷതവഹിച്ചു. ആലി ബാഖവി ആറ്റുപുറം ഉദ്ഘാടനംചെയ്തു. കെ.ടി. ത്വാഹിർ സഖാഫി മഞ്ചേരി അനുസ്മരണപ്രഭാഷണം നടത്തി. ഹാഫിസ് അബ്ദുൽ മജീദ് അഹ്സനി, എം. മുഹമ്മദ് സ്വാദിഖ് വെളിമുക്ക് എന്നിവർ പ്രസംഗിച്ചു. മൗലിദ് പാരായണവും നടന്നു. ഹുസൈൻ ജമലുല്ലൈലി അസ്സഖാഫി ചേളാരി, മിക്ദാദ് ജമലുല്ലൈലി നൂറാനി തുടങ്ങിയവർ പ്രസംഗിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ജമലുല്ലൈലി ഉറൂസ് ഇന്ന് സമാപിക്കും. ‘മലബാർ; ഫിഖ്ഹ്: വൈജ്ഞാനികമുദ്രകൾ’ എന്ന വിഷയത്തിൽ അക്കാദമിക് സെമിനാർ നടക്കും.

ഡോ. എ.പി. മുഹമ്മദ് അബ്ദുൽ ഹക്കീം അഴ്ഹരി കാന്തപുരം ഉദ്ഘാടനംചെയ്യും. രാത്രി നടക്കുന്ന ആത്മീയ സമ്മേളനം കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ ഉദ്ഘാടനംചെയ്യും.