പൊട്ടിപ്പൊളിഞ്ഞ പാത: കുഴിയിൽവീണ് യാത്രക്കാർ

അറ്റകുറ്റപ്പണി നടത്താത്തത് പ്രതിസന്ധി
റോഡ് നവീകരണം പുനരാരംഭിക്കണമെന്ന് നാട്ടുകാർ
മേലാറ്റൂർ : പാതയുടെ നടുവിലും അരികുകളിലുമെല്ലാം വലിയ കുഴികളാണ്. ചിലയിടങ്ങളിൽ റോഡ് മണ്ണുമൂടിയ നിലയിലും. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിലെ ഉച്ചാരക്കടവ് മുതൽ വേങ്ങൂർ വരെയുള്ള റോഡിന്റെ ദുരവസ്ഥയാണിത്.
വർഷങ്ങളായി യാത്രക്കാർ ഈ ദുരിതം അനുഭവിക്കുന്നു. റോഡിലൂടെയുള്ള ഗതാഗതവും കാൽനടയാത്രയും ഏറെ ദുഷ്കരമാണ്. കൃത്യസമയത്ത് റീടാറിങ്ങും അറ്റകുറ്റപ്പണികളും നടത്താത്തതാണ് റോഡിന്റെ ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണം. സംസ്ഥാനപാതയുടെ പുലാമന്തോൾ മുതൽ ഒലിപ്പുഴ വരെയുള്ള ഭാഗം വീതികൂട്ടി റബ്ബറൈസ് ചെയ്യാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും ആറുവർഷത്തോളമായിട്ടും പൂർണമായും നടപ്പായിട്ടില്ല. ഇതും റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമാണ്.
മലയോരപാതയിൽനിന്ന് ആശുപത്രി നഗരമായ പെരിന്തൽമണ്ണയിലേക്കുള്ള റോഡായതിനാൽ ആംബലുൻസ് ഉൾപ്പെടെയുള്ള ഒട്ടേറെ വാഹനങ്ങളാണ് ദിവസേന ഈ പാതയിലൂടെ കടന്നുപേകുന്നത്. അതിനുപുറമെ വിദ്യാർഥികളുമായി പോകുന്ന സ്കൂൾവാഹനങ്ങളും ഈ പാതയെ ആശ്രയിക്കുന്നുണ്ട്. റോഡിലെ വലിയ കുഴികളിൽവീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. മഴപെയ്ത് കുഴികളിൽ വെള്ളം നിറഞ്ഞാൽ അപകടങ്ങൾ തുടർക്കഥയാകും.
വർഷങ്ങളായി തുടരുന്ന ഈ ദുരവസ്ഥയ്ക്ക് നാളിതുവരെയായിട്ടും ശാശ്വതപരിഹാരമായിട്ടില്ല. റോഡിലെ കുഴികളടയ്ക്കാൻ നാട്ടിലെ വിവിധ ക്ലബ്ബുകളും സംഘടനകളും ശ്രമദാനവുമായി രംഗത്തിറങ്ങുമ്പോൾ മാത്രമാണ് യാത്രക്കാർക്ക് ചെറിയൊരാശ്വാസമുണ്ടാകുന്നത്. ഇവർ ക്വാറിവേസ്റ്റും പാറപ്പൊടിയുമിട്ട് കുഴികളടയ്ക്കാറുണ്ടെങ്കിലും ആഴ്ചകൾക്കുള്ളിൽ റോഡ് വീണ്ടും തകർന്ന് പഴയപടിയാകും. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന റോഡ് നവീകരണം പുനരാരംഭിച്ച് എത്രയുംവേഗം പണി പൂർത്തിയാക്കി യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.