നിലമ്പൂർ തറമുറ്റത്ത് കാട്ടാന കൃഷി നശിപ്പിച്ചു

നിലമ്പൂർ : മൂലേപ്പാടം തറമുറ്റത്ത് കാട്ടാനയുടെ പരാക്രമം. കായ്ഫലമുള്ള 27 തെങ്ങുകൾ നശിപ്പിച്ചു. സംരക്ഷണമതിലും സൗരവേലിയും മറികടന്നാണ് കൃഷിയിടത്തിൽ നാശംവിതച്ചത്. ചാലിയാറിൽ കാട്ടാനകൾ വ്യാപകമായി തെങ്ങ് ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിക്കുന്നത് പതിവായതോടെ കുടിയേറ്റ കർഷകർ ഭീതിയിലാണ്.
മൂലേപ്പാടം തറമുറ്റത്തുള്ള കെ.കെ. മുരളീധരന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തെങ്ങുകളും വാഴകളുമടക്കം നശിപ്പിച്ചത്.
50-ലേറെ കുടുംബങ്ങൾ താമസിക്കുന്ന തറമുറ്റത്താണ് കാട്ടാന കൂടുതൽ ഭീതിപരത്തുന്നത്. ചാലിയാർ പഞ്ചായത്തിലെ ശല്യക്കാരായ കാട്ടനകളെ കാടുകയറ്റാൻ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. കെ.കെ. സുനിൽകുമാറിന്റെ നേത്യത്വത്തിൽ ചാലിയാർ പഞ്ചായത്തിന്റെ ഒരുഭാഗത്ത് ശ്രമം നടത്തുമ്പോഴാണ് മറുഭാഗമായ മൂലേപ്പാടം തറമുറ്റത്ത് അപകടകാരിയായ മോഴയാന വ്യാപകമായി കൃഷി നശിപ്പിച്ചത്.
സ്ഥലത്തിന്റെ മൂന്ന് ഭാഗത്തും കോൺക്രീറ്റ് മതിലും ഒരു ഭാഗം സൗരവേലിയും സ്ഥാപിച്ച സ്ഥലത്താണ് കാട്ടാന കയറി കൃഷി നശിപ്പിച്ചത്. വനംവകുപ്പ് കാട്ടാനകളെ കാട് കയറ്റാനുള്ള ദൗത്യം രണ്ടാം ദിവസവും ദൗത്യം തുടരുകയാണ്.
വ്യാഴാഴ്ച രാത്രി വനം ആർ.ആർ.ടി. രണ്ടു മണിക്കൂറിലേറെ കാട്ടാനകളെ കണ്ടെത്താൻ ശ്രമം നടത്തി. വനപാലകർ പോയ ശേഷമാണ് കാട്ടാന ഇറങ്ങിയത്.
കഴിഞ്ഞ നവംബറിൽ ഈ മോഴയാനയാണ് അരയാട് എസ്റ്റേറ്റിൽ അതിഥിത്തൊഴിലാളിയെ ചവിട്ടിക്കൊന്നതെന്നും പ്രദേശവാസികൾ പറയുന്നു. എടക്കോട് വനംസ്റ്റേഷൻ പരിധിയിൽ പെരുവമ്പാടം ഒ.പി.യുടെ പരിധിയിലുള്ള മലോടി ഭാഗത്ത് പകൽസമയം തമ്പടിക്കുന്ന മോഴയാന രാത്രിയാകുന്നതോടെ കുറുവൻപുഴ കടന്നാണ് തറമുറ്റം ഭാഗത്തേക്ക് എത്തുന്നത്. ഒരു മാസംമുൻപ് ഈ മോഴയാനയെ വനപാലകർ മൂവായിരം വനമേഖലയിലേക്ക് കടത്തിവിട്ടിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ മടങ്ങിയെത്തുകയായിരുന്നു.