വള്ളിക്കുന്നിൽ കേരളോത്സവത്തിന് ദീപശിഖ തെളിഞ്ഞു

വള്ളിക്കുന്ന് : യുവജനങ്ങളുടെ കലാ-കായിക മാമാങ്കമായ കേരളോത്സവത്തിന്‌ വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്തിൽ ദീപശിഖ തെളിഞ്ഞു. എ.എം.എൽ.പി. സ്കൂൾ സ്റ്റോപ്പിൽനിന്ന് ആരംഭിച്ച ദീപശിഖാപ്രയാണത്തിൽ ടി.വി. ഇബ്രാഹിം എം.എൽ.എ. പങ്കെടുത്തു. ദേശീയ, സംസ്ഥാന തലങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾ ദീപശിഖയേന്തി പ്രയാണത്തിന് നേതൃത്വം നൽകി.

സ്കൗട്ട്സ്‌ ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കെഡേറ്റുകൾ, ജെ.ആർ.സി. വിദ്യാർഥികൾ, വള്ളിക്കുന്ന് സൈനിക കൂട്ടായ്മ, ആശ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ഹരിതകർമസേനാംഗങ്ങൾ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, കലാ-കായിക പ്രവർത്തകർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രയാണത്തിൽ പങ്കാളികളായി. ടി.വി. ഇബ്രാഹിം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സെക്രട്ടറി വി.എസ്. ആർദ്ര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുനീറ അഫ്സൽ, സ്ഥിരംസമിതി അധ്യക്ഷരായ കനകൻ കുഴിക്കാട്ടിൽ, പി.വി. ഫാത്തിമ, വാർഡംഗങ്ങളായ ടി. കൃഷ്ണകുമാർ, സി. ഉഷ, സി. ഉണ്ണിമൊയ്തു, ശ്രീനാഥ്, എം. പ്രേമൻ എന്നിവർ സംസാരിച്ചു.

കേരളോത്സവത്തിന്റെ ഭാഗമായി പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി. 54 കായികമത്സരങ്ങളും 34 കലാ, സാഹിത്യ, രചനാ മത്സരങ്ങളും വിവിധ വേദികളിലായി നവംബർ ഒൻപതുവരെ നടക്കും. യുവജനങ്ങളുടെ കലാ-കായിക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന കേരളോത്സവത്തിൽ വിപുലമായ പങ്കാളിത്തമാണ് സംഘാടകസമിതി പ്രതീക്ഷിക്കുന്നത്.