കാവുങ്ങലിലെ അഴുക്കുചാൽ പുനർനിർമാണപ്രവൃത്തി തുടങ്ങി

ഈ മാസത്തോടെ പണി പൂർത്തിയായേക്കും
നടപടി ഉപാധ്യക്ഷൻ ജിതേഷ് ജി. അനിൽ അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന്
മലപ്പുറം : കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കാവുങ്ങലിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ആശ്വാസമേകി പഴയ അഴുക്കുചാലിന്റെ പുനരുദ്ധാരണവും കവർ സ്ലാബ് സ്ഥാപിക്കലും ഉൾപ്പെടെയുള്ള പ്രവൃത്തികൾ തുടങ്ങി. ആവശ്യമായ വീതിയില്ലാത്തതും അഴുക്കുചാലിനു മുകളിൽ സ്ലാബുകൾ ഇല്ലാത്തതും കാരണം കാൽനടയാത്രക്കാരും വാഹനങ്ങളും ഏറെ പ്രയാസത്തിലായിരുന്നു. അഴുക്കുചാലിലേക്കു വീണ് പലർക്കും പരിക്കേറ്റിരുന്നു.
ശക്തമായ മഴ പെയ്താൽ വെള്ളം നിറഞ്ഞ് റോഡിലേക്കാണ് ഒഴുകുക. ഇരുചക്രവാഹനങ്ങളെ ഇതു സാരമായി ബാധിച്ചിരുന്നു.
ഉപാധ്യക്ഷൻ ജിതേഷ് ജി. അനിൽ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ദേശീയപാത വിഭാഗം 25 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയത്. ഈ മാസത്തോടെ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉപാധ്യക്ഷൻ പറഞ്ഞു. പണി പൂർത്തിയായാൽ പ്രദേശത്തുള്ളവരുടെ ദീർഘനാളത്തെ ആവശ്യത്തിനാണ് പരിഹാരമാകുക.