ചോലക്കുളം-എടയാറ്റൂർ-ചൂരക്കാവ് റോഡുപണി വീണ്ടും തുടങ്ങുന്നു

ഗതാഗതനിരോധനം ഏർപ്പെടുത്തി
മേലാറ്റൂർ : മേലാറ്റൂർ-പാണ്ടിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചോലക്കുളം-എടയാറ്റൂർ-ചൂരക്കാവ് റോഡിന്റെ നവീകരണാർഥം ടാറിങ് നടത്തുന്നതിനാൽ ഞായറാഴ്ച മുതൽ പണി തീരുന്നതുവരെ ഈ റൂട്ടിൽ ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തി. ടാറിങ്ങിനു മുന്നോടിയായുള്ള പണികളെല്ലാം കഴിഞ്ഞദിവസങ്ങളിലായി നടത്തിയിരുന്നു. 7.142 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ ചോലക്കുളം മുതൽ എടയാറ്റൂർ യു.പി. സ്കൂൾ വരെയുള്ള നാലു കിലോമീറ്റർ ദൂരമാണ് ആദ്യഘട്ടത്തിൽ ടാർ ചെയ്യുന്നത്.
ശേഷിക്കുന്ന ഭാഗത്തിന്റെ പണി രണ്ടാംഘട്ടത്തിൽ നടത്തും. ഈ റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിനായി പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനാ പദ്ധതിയിൽ ഉൾപ്പെടുത്തി 8.60 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആവശ്യമായ സ്ഥലങ്ങളിലെല്ലാം അഴുക്കുചാൽ, ഓവുപാലം, സംരക്ഷണഭിത്തി എന്നിവയെല്ലാം നിർമിച്ച് റോഡ് വീതി കൂട്ടി നവീകരിക്കുന്നതിനാണ് തുക അനുവദിച്ചിരുന്നത്. 2024 നവംബറിൽ തുടങ്ങിയ പണി 2025 ഡിസംബറോടെ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ പല കാരണങ്ങളാൽ പണി നീണ്ടുപോവുകയായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളതാണീ റോഡ്. രണ്ടാംഘട്ട പണി ഉടൻ തുടങ്ങുമെന്ന് വാർഡംഗം പാലത്തിങ്ങൽ ഹിഷാം വാഫി അറിയിച്ചു. വർഷങ്ങളായി അവഗണിക്കപ്പെട്ടുകിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചും തുടങ്ങിയ പണി മുടങ്ങിയതിനെക്കുറിച്ചുമെല്ലാം നേരത്തെ 'മാതൃഭൂമി' വാർത്ത നൽകിയിരുന്നു.