വനിതകൾക്കൊരു ബ്രാൻഡ്; തിരൂരങ്ങാടിയിൽ സ്‌ത്രീമുന്നേറ്റം

തിരൂരങ്ങാടി : നിയോജകമണ്ഡലത്തിൽ പി.എം.എ. സമീർ എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘സ്ത്രീശാക്തീകരണ പദ്ധതിക്ക് ’ തുടക്കമായി.
എം.എൽ.എ.യുടെ ജനസേവനസംരംഭമായ ചെമ്മാട്ടുള്ള ‘ഡിവലപ്‌മെന്റ് ഹബ്ബ് ’ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിന് പിന്തുണനൽകുന്നതിനും കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമുള്ള ‘ബിയോൻഡ്’ ബ്രാൻഡാണ് ശാക്തീകരണ പദ്ധതിയുടെ ഭാഗമായി ആദ്യം നടപ്പാക്കുന്നത്.
തൊഴിൽസംരംഭങ്ങളും വാണിജ്യസംരംഭങ്ങളും പ്രവർത്തിക്കുന്നതിനുള്ള പരിശീലനങ്ങളും സഹായങ്ങളും വനിതകൾക്ക് നൽകും.
സ്ത്രീശാക്തീകരണത്തിനും സ്വയംപര്യാപ്തതയ്ക്കും സഹായിക്കുന്ന സ്ത്രീശാക്തീകരണ പദ്ധതി തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ വ്യാപിപ്പിക്കും. സ്ത്രീകളുടെ സ്കിൽ ഡിവലപ്‌മെന്റ്, സംരംഭകത്വം, കരിയർ ഗൈഡൻസ്, ലീഡർഷിപ്പ് ഡിവലപ്‌മെന്റ് തുടങ്ങിയവ ഉൾപ്പെടുന്നതാണ് പദ്ധതി.
ആദ്യസംരംഭമായ ‘ബിയോൻഡ്’ ലോഗോ പ്രകാശനം പി.എം.എ. സമീർ എം.എൽ.എ. നിർവഹിച്ചു. ലേഡീസ് വസ്ത്രനിർമാണ സംരംഭമായാണ് ‘ബിയോൻഡ്’ ബ്രാൻഡിന്റെ ആദ്യഘട്ടപ്രവർത്തനം. ലോഗോ പ്രകാശനച്ചടങ്ങിൽ എം.എൻ. റജുല, സമീന മൂഴിക്കൽ, ഷഹാന ഷർത്തു, റിഫ്‌ന, എം. ഖൈറുന്നീസ, സാജിത അൻവർ, കെ. ജസീല, മറിയം, സി.എൻ. മുംതാസ് തുടങ്ങിയവർ പങ്കെടുത്തു.