പനി കൂടുന്നു; തിരക്കേറി എടവണ്ണയിലെ ആശുപത്രികൾ

സായാഹ്ന ഒപികൾക്കും രോഗികളുടെ നീണ്ടനിര

എടവണ്ണ : പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പനി പടരുന്ന സാഹചര്യത്തിൽ ആശുപത്രികളിലും തിരക്കേറുന്നു. സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലുമെല്ലാം രോഗികളുടെ തിരക്കാണ്.

എടവണ്ണ ചെമ്പക്കുത്തിലുള്ള ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെമുതൽ വൈകുന്നേരംവരെ രോഗികളുടെ നീണ്ട വരിയാണ്. സായാഹ്നവിഭാഗത്തിൽ പലപ്പോഴും തിരക്ക് ക്രമാതീതമാകുന്നു. അതേസമയം ഒരു ഡോക്ടറുടെസേവനം മാത്രമാണ് സായാഹ്നവിഭാഗത്തിൽ ലഭ്യമാകുന്നത്. ഈ ഡോക്ടർക്ക് പരാതികൾക്കിടയില്ലാത്തവിധം സേവനംചെയ്യാനാകുന്നൂവെന്നത് മാത്രമാണ് നാട്ടുകാർക്കുള്ള ഏക ആശ്വാസം. രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയുള്ള ഒ.പി. ഹൗസ് സർജന്മാരുടെകൂടി സഹകരണത്തോടെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

അതേസമയം നിലവിലെ ഹൗസ് സർജന്മാരുടെ സേവനം ബുധനാഴ്ചയോടെ തീരും. പുതിയ സംഘത്തെ നിയോഗിച്ചിട്ടില്ല. ഇതിന് കാലതാമസമുണ്ടാകുമെന്നാണ് അറിവ്.

വ്യാഴാഴ്ചയോടെ പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാകാനാനിടയുണ്ട്. നിലവിൽ സിവിൽ സർജന്റെയും രണ്ട് അസി. സർജന്റെയും സേവനമാണ് ഒ.പി.യിൽ ഉണ്ടാകുക.

ഓഫീസ് കാര്യങ്ങൾക്കുംമറ്റുമായി സിവിൽസർജൻ പലപ്പോഴും തിരക്കിലാണ്. സിവിൽസർജന്റെ മറ്റൊരു തസ്തികകൂടിയുണ്ടെങ്കിലും ജോലി ക്രമീകരണത്തിന്റെ ഭാഗമായി ഇവരെ സമീപത്തെ അർബുദ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ദേശീയ ഗ്രാമീണദൗത്യം (എൻ.എച്ച്.എം.) മുഖേനയുള്ള മറ്റൊരു ഡോക്ടർക്ക് ആദിവാസി നഗരങ്ങളിൽ ഉൾപ്പെടെയാണ് ചുമതലയെന്നും പറയുന്നു.

ആശുപത്രിയിൽ നിലവിൽ കിടത്തിച്ചികിത്സ പേരിനുമാത്രമാണെന്ന ആക്ഷേപമുണ്ട്. കുട്ടികൾക്കും ഗർഭിണികൾക്കും ഉൾപ്പെടെ പ്രാമുഖ്യംനൽകി കിടത്തിച്ചികിത്സാവിഭാഗം കാര്യക്ഷമമാക്കണമെന്ന് ആവശ്യമുയരുന്നു.

മരുന്നുലഭ്യതയിൽ കുറവ്

ആശുപത്രിക്ക് കീഴിലെ ഉപകേന്ദ്രങ്ങൾ വഴിയും ആശ പ്രവർത്തകർ വഴിയും ഗർഭിണികൾക്കുംമറ്റും വിതരണംചെയ്യേണ്ട മരുന്നുകളും ആവശ്യത്തിന് ലഭ്യമാകുന്നില്ലെന്ന പരാതികൾ ഉയരുന്നുണ്ട്. കാത്സ്യം ഗുളികകൾ ഉൾപ്പെടെയുള്ളവ വിതരണംചെയ്തിട്ട് രണ്ടുമാസത്തോളമായെന്നാണ് ആരോപണം. അതേസമയം ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം മുഖേനയുള്ള മരുന്നുവിതരണം നിലച്ചതാണ് നിലവിലെ പ്രതിസന്ധികൾക്ക് കാരണമെന്ന് പറയപ്പെടുന്നു. മരുന്നുകൾ തീരുന്നതനുസരിച്ച് പട്ടിക സമർപ്പിക്കാറുണ്ടെന്ന് അധികൃതർ പറയുന്നു. എൻ.എച്ച്.എം. മുഖേനയുള്ള ലഭ്യതനിലച്ചതോടെ ജില്ലയിൽ പലയിടത്തും ആവശ്യത്തിനു മരുന്നുകൾകിട്ടാതായെന്ന പരാതികളും ഏറിയിട്ടുണ്ട്.