കുന്നിടിച്ച് മണ്ണെടുപ്പ്; മണ്ണുമാന്തിയന്ത്രവും ടിപ്പർ ലോറികളും പിടിയിൽ

കാളികാവ് : അനുമതിയില്ലാതെ കുന്നിടിച്ച് മണ്ണ് നീക്കംചെയ്തതായി കണ്ടെത്തിയതിനെത്തുടർന്ന് മണ്ണുമാന്തിയന്ത്രവും രണ്ട് ടിപ്പർ ലോറികളും കാളികാവ് പോലീസ് കസ്റ്റഡിയിലെടുത്തു.
ചോക്കാട് മഞ്ഞപ്പെട്ടി പള്ളിപ്പടി പ്രദേശത്താണ് വ്യാപകമായി കുന്നിടിച്ച് മണ്ണെടുക്കുന്നതായി കണ്ടെത്തിയത്.
രഹസ്യവിവരത്തേ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് വലിയതോതിൽ മണ്ണ് നീക്കംചെയ്തതായി കണ്ടെത്തിയത്.
സ്പെഷ്യൽ ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഒാഫീസർ കെ.വി. സാജുവാണ് നടപടിയെടുത്തത്.
പോലീസ് സ്ഥലത്തെത്തുമ്പോൾ മണ്ണുമാന്തിയന്ത്രവും ഉപയോഗിച്ച് കുന്നിടിച്ച് മണ്ണെടുക്കുന്ന പ്രവൃത്തി നടക്കുകയായിരുന്നു. മണ്ണ് കടത്തുന്നതിനായി എത്തിയ രണ്ട് ടിപ്പർ ലോറികളും സ്ഥലത്തുണ്ടായിരുന്നു. തുടർന്ന് മണ്ണുമാന്തിയന്ത്രവും ടിപ്പർ ലോറികളും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ കുന്നിന്റെ വലിയൊരുഭാഗം ഇടിച്ചുനിരത്തി മണ്ണ് നീക്കംചെയ്ത നിലയിലാണെന്ന് പോലീസ് പരിശോധനയിൽ കണ്ടെത്തി.
ഭൂമി നിരപ്പാക്കുന്നതിനാണോ മറ്റേതെങ്കിലും ആവശ്യത്തിനാണോ മണ്ണെടുത്തതെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്.
കാളികാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധപ്രദേശങ്ങളിൽ കുന്നിടിച്ചും മണ്ണ് നീക്കംചെയ്തും ഭൂമിയുടെ സ്വാഭാവികഘടനയിൽ മാറ്റംവരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മഴക്കാലത്ത് കുന്നിടിക്കലും മണ്ണെടുപ്പും മണ്ണിടിച്ചിലിനും നീരൊഴുക്ക് തടസ്സപ്പെടുന്നതിനും കാരണമായേക്കാം. അതുകൊണ്ട് ഇത്തരം പ്രവൃത്തികൾക്കെതിരേ പരിശോധന ശക്തമാക്കാനാണ് തീരുമാനം. അനുമതിയില്ലാതെ മണ്ണെടുപ്പ് നടത്തിയതായി കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.