കാട്ടിപ്പരുത്തി-കാർത്തല ചുങ്കം റോഡ് തകർന്നു

കുഴികളിൽ വാഴ നട്ട് പ്രതിഷേധം

വളാഞ്ചേരി : പൊട്ടിപ്പൊളിഞ്ഞ കാട്ടിപ്പരുത്തി- കാർത്തല ചുങ്കം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. സി.പി.എം. കാട്ടിപ്പരുത്തി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തകർന്ന റോഡിലെ കുഴികളിൽ വാഴനട്ടാണ് പ്രതിഷേധിച്ചത്. സൂചനയായി നടത്തിയ സമരംകൊണ്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനകീയസമരം സംഘടിപ്പിക്കുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.

സി.പി.എം. വളാഞ്ചേരി ഏരിയാകമ്മിറ്റി അംഗം എൻ. വേണുഗോപാൽ ഉദ്ഘാടനംചെയ്തു. കെ. ജയൻ അധ്യക്ഷത വഹിച്ചു.

വളാഞ്ചേരി എൽ.സി. സെക്രട്ടറി കെ.വി. ബാബുരാജ്, കമ്മിറ്റി അംഗം ടി.പി. രഘുനാഥ്, സി.കെ. അബ്ദുൽസലാം, പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വി. സുലൈമാൻ, പി.കെ. ഹസ്സൻ, സി.കെ. അഷറഫ്, സി.എച്ച്. ബാപ്പുട്ടി ഗുരുക്കൾ, കെ.ടി. മുഹമ്മദ്, ടി.എ. മണികണ്ഠൻ, പി.പി. ഫസലുറഹ്‌മാൻ, പി.പി. ഹാരിസ് എന്നിവർ സമരത്തിന് നേതൃത്വംനൽകി.

ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ പലയിടങ്ങളിലും കുഴികളുണ്ട്. കാർത്തല മർക്കസ് കോളേജിലേക്കും കെ.എം.സി.ടി. കോളേജിലേക്കും കൂടാതെ പ്രദേശത്തെ വിവിധ സ്കൂളുകളിലേക്കുമുള്ള വാഹനങ്ങളും നിരവധി വിദ്യാർഥികൾ യാത്രചെയ്യുന്നതും ഈ റോഡിലൂടെയാണ്. വളാഞ്ചേരി നഗരസഭയുടെ അനാസ്ഥയും പിടിപ്പുകേടുമാണ് റോഡിന്റെ ശോച്യാവസ്ഥവയ്ക്ക്‌ കാരണമെന്ന് സമരക്കാർ പറഞ്ഞു.