കൊളത്തൂർ സ്റ്റേഷൻപടിയിൽ റോഡുപണി; ജലവിതരണം മുടങ്ങി

ഒരു മണിക്കൂർ ഗതാഗതം മന്ദഗതിയിലായി

കൊളത്തൂർ : കൊളത്തൂർ സ്റ്റേഷൻപടി ക്രൗൺപ്ലാസയ്ക്ക് സമീപം റോഡ് വികസനപ്രവൃത്തികൾക്കിടെ കെ.എസ്.ഇ.ബി.യുടെ കേബിൾ മാറ്റുന്നതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിലായി പൈപ്പുലൈൻ തകരാറിലായി.

ഇതോടെ ജലവിതരണം തടസ്സപ്പെടുകയും റോഡിൽ വെള്ളം കെട്ടിനിൽക്കുകയും ചെയ്തു. ഇതേ തുടർന്ന് ഒരുമണിക്കൂറിലധികം സമയം ഗതാഗതം മുടങ്ങി. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

പ്രസിഡന്റ് കെ.പി. ഹംസ, വൈസ് പ്രസിഡന്റ് എം.ടി. നഫ്‌ല, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അബ്ബാസ് വാതുക്കാട്ടിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം.ടി. ഹംസ, മെമ്പർ യൂസഫ് ആലുങ്ങൽ എന്നിവർ സ്ഥലത്തെത്തി.

വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ എം. ആഷിഖ്, ഓവർസിയർ പി. സുധി, പ്ലാന്റ് ഓപ്പറേറ്റർ ലബീബ് എന്നിവരുമായി അടിയന്തരചർച്ച നടത്തി.

തകരാറിലായ മൂന്ന് സ്ഥലങ്ങളിലേയും പൈപ്പുലൈൻ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കി നാളെതന്നെ കൊളത്തൂർ ഭാഗത്തേക്കുള്ള ജലവിതരണം പുനഃസ്ഥാപിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ ഉറപ്പുനൽകി.