യുവാക്കൾക്ക് സൗജന്യ തൊഴിൽക്ഷമതാ പരിശീലനം; തൊഴിൽമേള ഡിസംബർ 19-ന്

ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ മൂന്നിയൂരിന്റെ യുവശാക്തീകരണ പദ്ധതിയുടെ ഭാഗമായി അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ തൊഴിൽക്ഷമതാ പരിശീലന പരിപാടി വിശദീകരിക്കാൻ നടത്തിയ വാർത്താസമ്മേളനം
ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ മൂന്നിയൂരിന്റെ യുവശാക്തീകരണ പദ്ധതിയുടെ ഭാഗമായി അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ തൊഴിൽക്ഷമതാ പരിശീലന പരിപാടി വിശദീകരിക്കാൻ നടത്തിയ വാർത്താസമ്മേളനം

വള്ളിക്കുന്ന്: ജില്ലാ പഞ്ചായത്തംഗം ഹനീഫ മൂന്നിയൂരിന്റെ യുവശാക്തീകരണ പദ്ധതിയുടെ ഭാഗമായി അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്കായി സൗജന്യ തൊഴിൽക്ഷമതാ പരിശീലനവും തൊഴിൽമേളയും സംഘടിപ്പിക്കുന്നു.

സ്വദേശത്തും വിദേശത്തുമായി ആയിരത്തോളം തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ഫൗണ്ടേഷന്റെ സാമൂഹികസുരക്ഷാ പദ്ധതിയുമായി സഹകരിച്ചാണ് നാലുദിവസത്തെ പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്. 18 നും 28 നും ഇടയിൽ പ്രായമുള്ളവർക്ക് സ്വയം പരിചയപ്പെടുത്തൽ, റെസ്യൂമെ തയ്യാറാക്കൽ, അഭിമുഖ പരിശീലനം, ഓൺലൈൻ മര്യാദകൾ, തൊഴിൽസ്ഥലത്തെ പെരുമാറ്റച്ചട്ടങ്ങൾ, എം.എസ്. ഓഫീസ് അടിസ്ഥാനങ്ങൾ, വ്യക്തിത്വവികസനം, മനോഭാവ പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും. പ്രായോഗിക അനുഭവങ്ങളിലൂടെയുള്ള പഠനരീതിയാണ് പരിശീലനത്തിന് അവലംബിക്കുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്കായി വിവിധ മേഖലകളിലെ സ്വദേശ-വിദേശ കമ്പനികളെ പങ്കെടുപ്പിച്ച് തൊഴിൽമേളയും സംഘടിപ്പിക്കും. ഡിസംബർ 19-ന് ശനിയാഴ്ച വള്ളിക്കുന്ന് സി.ബി.എച്ച്.എസ്. സ്കൂളിലാണ് മേള. തൊഴിൽമേളയ്ക്കുശേഷവും തുടർപരിശീലനവും തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടരും. എസ്.എസ്.എൽ.സി. മുതൽ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള വള്ളിക്കുന്ന്, തിരൂരങ്ങാടി നിയോജകമണ്ഡലങ്ങളിലെ സ്ഥിരതാമസക്കാരായ യുവതീയുവാക്കൾക്ക് ഡിസംബർ അഞ്ചുവരെ രജിസ്റ്റർചെയ്യാം. ജില്ലാ പഞ്ചായത്തംഗം ഹനീഫ മൂന്നിയൂർ, വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ, വൈസ് പ്രസിഡന്റ് മുനീറ അഫ്സൽ, സി. ഉണ്ണിമൊയ്തു, സൈതലവി കോയ, നജീബ് ബാപ്പു, ടി. വിനോദ്‌കുമാർ, ഇ. ദാസൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഫോൺ: 9847125019.

Content Highlights: Free employability training and a mega job fair will be conducted for youths at Vallikkunnu CBHS School on December 19 under youth empowerment initiative.