കുഴിക്കാൻ ജലവകുപ്പ്; മൂടാനാര്?

ശാന്തി നഗറർ പെരുമുണ്ടശ്ശേരി-ഓരേലേടാംപാടം-ഏമങ്ങാട് റോഡിൽ പെരുമുണ്ടശ്ശേരി ഭഗവതി ക്ഷേത്രത്തിനു മുൻപിലെ കുഴി
ശാന്തി നഗറർ പെരുമുണ്ടശ്ശേരി-ഓരേലേടാംപാടം-ഏമങ്ങാട് റോഡിൽ പെരുമുണ്ടശ്ശേരി ഭഗവതി ക്ഷേത്രത്തിനു മുൻപിലെ കുഴി

വണ്ടൂർ: പൊട്ടിയ പൈപ്പ് നേരെയാക്കാൻ റോഡിൽ വാരിക്കുഴി തീർത്ത് ജലവകുപ്പ്. ശാന്തിനഗറിലെ പെരുമുണ്ടശ്ശേരി-ഓരേലേടാംപാടം-ഏമങ്ങാട് റോഡിൽ പെരുമുണ്ടശ്ശേരി ഭഗവതീക്ഷേത്രത്തിനു മുൻപിലാണീ ആഴമേറിയ അപകടക്കുഴി. ഒരാഴ്ചയിലധികമായിട്ടും കുഴി മൂടാനോ സുരക്ഷ ഉറപ്പാക്കാനോ അധികൃതർ തയ്യാറായിട്ടില്ല. കുഴി തീർക്കാനെടുത്ത മണ്ണെല്ലാം മഴയത്ത് പരന്നൊഴുകിയതോടെ റോഡ് ചെളിക്കുളമായി കിടക്കുകയാണ്. വീതികുറഞ്ഞ റോഡിൽ ഈ കുഴിക്ക് സമീപത്തായി റോഡ് തകർന്നുള്ള കുഴികളുമുണ്ട്. ഇതു അപകടസാധ്യത ഇരട്ടിയാക്കുന്നു. ഭഗവതീക്ഷേത്രത്തിലേക്കും സുബ്രഹ്മണ്യക്ഷേത്രത്തിലേക്കമുള്ള ഭക്തരടക്കം നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന പാതയാണിത്.

ജനശബ്ദം: അടിയന്തര നടപടി വേണം

റോഡിലെ കുഴിമൂലം ഭക്തജനങ്ങളടക്കം ബുദ്ധിമുട്ടുകയാണ്. മണ്ഡലകാലമായതിനാൽ നിരവധി ഭക്തരാണെത്തുന്നത്. അടുത്തയാഴ്ച നടക്കുന്ന അഖണ്ഡനാമജപ യജ്ഞത്തിനുമുൻപ് പരിഹാരമുണ്ടായില്ലെങ്കിൽ അപകടമുറപ്പാണ്. ഒരാൾ താഴ്ചയിലുള്ള കുഴിയിൽ കുട്ടികളടക്കമുള്ളവർ വീണുണ്ടാകുന്ന അപകടങ്ങൾക്ക് മുൻപ് അധികൃതർ ഉണർന്നു പ്രവർത്തിക്കണം.

പിലാക്കാട്ടിൽ ഗോപിനാഥൻ നായർ,

ക്ഷേത്രഭാരവാഹി

Content Highlights: Locals and devotees in Wandoor protest as Kerala Water Authority leaves a dangerous pit uncovered on a busy temple road for over a week.