ഓഡിറ്റോറിയം, കാറ്ററിങ് ഉടമകളുടെ യോഗം

അങ്ങാടിപ്പുറം: ഖരമാലിന്യപരിപാലന ചട്ടത്തിന്റെ ഭാഗമായി അങ്ങാടിപ്പുറം പഞ്ചായത്തിൽ ഓഡിറ്റോറിയം, കാറ്ററിങ് ഉടമകളുടെ യോഗം ചേർന്നു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷബീർ കറുമുക്കിൽ അധ്യക്ഷത വഹിച്ചു.
കല്യാണമണ്ഡപങ്ങളിലും മറ്റ് ചടങ്ങുകളിലും ഉണ്ടാകുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പിലാക്കാനും യോഗത്തിൽ തീരുമാനിച്ചു. ഗ്രീൻ പ്രോട്ടക്കോൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കണം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.
പഞ്ചായത്ത് സെക്രട്ടറി ജി.ടി. അഭിലാഷ്, ഹെൽത്ത് ഇൻസ്പെക്ടർ ജിജി, വാർഡംഗം ഹസീന, ശുചിത്വമിഷൻ ആർ.പി. അരുൺകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ പ്രമുഖ ഓഡിറ്റോറിയം, കാറ്ററിങ് മേഖലയിലെ വ്യാപാരികളും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.