തിരുനാവായയിൽ ലക്ഷങ്ങൾ ചെലവഴിച്ച മിനി എം.സി.എഫു.കൾ കാട് മൂടാനോ?

ചന്ദനക്കാവ് മേനോൻ പടിയിൽ കാടുമൂടിയ മിനി എംസിഎഫ്
ചന്ദനക്കാവ് മേനോൻ പടിയിൽ കാടുമൂടിയ മിനി എംസിഎഫ്

തിരുനാവായ: പഞ്ചായത്തിലൂടെ യാത്രചെയ്താൽ വിവിധ സ്ഥലങ്ങളിൽ കാടുമൂടിക്കിടക്കുന്ന ഇരുമ്പുകൊണ്ട് നിർമിച്ച പെട്ടിക്കൂടുകൾ കാണാം. അടുത്ത്‌ ചെന്നുനോക്കിയാൽ കൂടിനുള്ളിൽ പ്ലാസ്റ്റിക് അടക്കമുള്ള സാധനങ്ങൾ വീർപ്പുമുട്ടിക്കിടക്കുന്നതും കാണാം. പറയുന്നത് തിരുനാവായ ഗ്രാമപ്പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ച് 2022-23 വർഷത്തിൽ ‘നിർമലം നിളയോരം’ എന്ന പദ്ധതിയിൽ സ്ഥാപിച്ച മിനി മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റികളെ (എം.സി.എഫ്) പറ്റിയാണ്. തിരുനാവായ ഗ്രാമപ്പഞ്ചായത്തിന്റെ നിർമലം നിളയോരം പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച മിനി എം.സി.എഫുകളാണ് കാടും പടർപ്പും മൂടി ഉപയോഗശൂന്യമാകുന്ന അവസ്ഥയിലുള്ളത്. മാലിന്യശേഖരണവും സംസ്കരണവും കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച കേന്ദ്രങ്ങൾ പരിപാലനമില്ലാതെ കാടിനുള്ളിൽ മറയുമ്പോൾ പദ്ധതിയുടെ ലക്ഷ്യം തന്നെ ചോദ്യംചെയ്യപ്പെടുകയാണ്.

ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച സംവിധാനങ്ങൾ സംരക്ഷിക്കാൻ നടപടിയില്ലാത്തത് പഞ്ചായത്തിന്റെ അനാസ്ഥയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ചന്ദനക്കാവ് മേനോൻ പടി, ഇഖ്ബാൽ നഗർ, തിരുനാവായ മേൽപ്പാലത്തിനുസമീപം, ബീരാഞ്ചിറ, എന്നിവിടങ്ങളിലെല്ലാം സ്ഥിതി ഇതുതന്നെ കാട്ടിനുള്ളിൽ മറഞ്ഞ് മാലിന്യകേന്ദ്രങ്ങൾ

പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച മിനി എം.സി.എഫുകളുടെ ചുറ്റും വള്ളിപ്പടർപ്പുകളും കാടും വളർന്നിരിക്കുകയാണ്.

മേൽക്കൂരയും സംരക്ഷണവേലിയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കാഴ്ചയിൽപ്പോലും തിരിച്ചറിയാനാകാത്തവിധം പടർപ്പുകൾ മൂടിയിട്ടുണ്ട്. കേന്ദ്രങ്ങളുടെ പരിസരം കാടുകയറിയതോടെ

യാത്രക്കാർ രാത്രികാലങ്ങളിൽ ഇവയ്ക്കുസമീപം കവറുകളിലാക്കി അവശിഷ്ടങ്ങൾ വലിച്ചെറിയുന്നുമുണ്ട്. ഇത് പ്രദേശവാസികളുടെ കിണറുകളിൽ പക്ഷികൾ കൊണ്ടുവന്നിടുകയും ശുദ്ധജലം കേടാകുന്നതായും പരാതിയുണ്ട്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കി തരംതിരിച്ച് ശേഖരിക്കുന്നതിനും തുടർസംസ്കരണത്തിന് കൈമാറുന്നതിനുമാണ് ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. എന്നാൽ നിർമാണം പൂർത്തിയാക്കിയതിനുശേഷം കൃത്യമായ ഇടവേളകളിൽ ശുചീകരണവും അറ്റകുറ്റപ്പണിയും നടത്താത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. മാസങ്ങളായി എം.സി.എഫുകളിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടിയിരിക്കുകയാണ്.

മാലിന്യശേഖരണവുമായി ബന്ധപ്പെട്ട് ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾക്കും ഇത്തരം കേന്ദ്രങ്ങൾ പ്രധാനമാണ്. കേന്ദ്രങ്ങൾ കാടുകയറിക്കിടക്കുന്നത് മാലിന്യശേഖരണ സംവിധാനത്തിന്റെ കാര്യക്ഷമതയെയും ബാധിക്കുമെന്ന ആശങ്കയുണ്ട്. പൊതുപണം ചെലവഴിച്ച് നിർമിക്കുന്ന സംവിധാനങ്ങൾ ഉപയോഗിക്കാവുന്ന നിലയിൽ നിലനിർത്തേണ്ട ഉത്തരവാദിത്വം തദ്ദേശസ്ഥാപനത്തിനുണ്ട്.

കാടുവെട്ടി വൃത്തിയാക്കി മിനി എം.സി.എഫുകൾ പ്രവർത്തനക്ഷമമാക്കണമെന്നും പദ്ധതിയുടെ ഭാഗമായി ചെലവഴിച്ച തുകയും നിലവിലെ പരിപാലന സംവിധാനവും സംബന്ധിച്ച് വ്യക്തത വരുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. നിർമലം നിളയോരം പദ്ധതിയുടെ ലക്ഷ്യം മാലിന്യമുക്തമായ പരിസരമാണെങ്കിൽ അതിനായി സ്ഥാപിച്ച കേന്ദ്രങ്ങൾ തന്നെ കാടുമൂടിക്കിടക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് പഞ്ചായത്തധികൃതർ മറുപടി നൽകേണ്ടതുണ്ട്.

......

തിരുനാവായ പഞ്ചായത്തിലെ മിനി എം.സി.എഫുകൾ ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്. മാസങ്ങളായി ശേഖരിച്ച വസ്‌തുക്കൾ പുറത്തെടുക്കാത്തതിനാൽ നായ്‌ക്കൾ കടിച്ചുപറിക്കുന്നതിനാൽ വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്ക് വളരെ പ്രയാസമാണുള്ളത്. പ്രധാന റോഡ് വശങ്ങളിലാണ്

കാടുമൂടിയതിനാൽ യാത്രക്കാർക്ക് വളരെ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. പഞ്ചായത്ത് കാടുമൂടിയ എം.സി.എഫുകൾക്കെതിരേ വേഗത്തിൽ നടപടി യെടുക്കണം.

ഫൈസൽ പരപ്പിൽ

Content Highlights: Mini Material Collection Facilities set up at Thirunavaya have fallen into disuse and become overgrown with wild bushes due to lack of proper maintenance.