ഒരുവട്ടം കൂടി ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തിയപ്പോള്‍...എഴുത്തുകാരിയുടെ ഓര്‍മകള്‍ ഹാജര്‍

ലളിതകുമാരി താന്‍ പഠിച്ച എറണാകുളം ഗവ. ഗേള്‍സ് സ്‌കൂളിലെ ക്ലാസ് മുറിയില്‍ വീണ്ടുമെത്തിയപ്പോള്‍ | ഫോട്ടോ: റിദിന്‍ ദാമു
ലളിതകുമാരി താന്‍ പഠിച്ച എറണാകുളം ഗവ. ഗേള്‍സ് സ്‌കൂളിലെ ക്ലാസ് മുറിയില്‍ വീണ്ടുമെത്തിയപ്പോള്‍ | ഫോട്ടോ: റിദിന്‍ ദാമു

കൊച്ചി: സൗഹൃദങ്ങളുടെ രേഖാചിത്രംപോലെ തോന്നിച്ച കോമ്പസ് വരകള്‍ കോറിയിട്ട ഡെസ്‌കില്‍ വിരലുകളോടിക്കുമ്പോള്‍ ലളിതകുമാരി പറഞ്ഞു, ''എന്റെ കൂട്ടുകാരുടെ മണം ഇപ്പോഴും ഇവിടെയുണ്ട്. അവര്‍ ആരെങ്കിലും ഒന്ന് വന്നിരുന്നെങ്കില്‍...'' ലളിതകുമാരിയുടെ മിഴികള്‍ ക്ലാസിന് പുറത്തേക്കുനീളുമ്പോള്‍ ആ മുഖത്ത് ഒരുപാട് ഓര്‍മ്മകള്‍ കൂടുകൂട്ടിയിരുന്നു. 70 വര്‍ഷത്തിനുശേഷം പ്രിയപ്പെട്ട വിദ്യാലയത്തില്‍ വീണ്ടുമെത്തുമ്പോള്‍ ലളിതകുമാരി എന്ന 85-കാരിക്ക് അത് ഒരുപാട് ഓര്‍മ്മകളുടെ ഹാജര്‍ വിളിയായിരുന്നു. എഴുത്തുകാരി ലളിതാംബിക അന്തര്‍ജനത്തിന്റെ മകള്‍ ലളിതകുമാരി എറണാകുളം ഗവ. ഗേള്‍സ് സ്‌കൂളില്‍ വീണ്ടുമെത്തിയത് മകള്‍ തനൂജാ ഭട്ടതിരിയുടെ കൈപിടിച്ചായിരുന്നു. തിരുവനന്തപുരത്ത് താമസിക്കുന്ന അമ്മയ്ക്ക് പഴയ വിദ്യാലയത്തില്‍ വരണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ മകള്‍ സന്തോഷത്തോടെ കൂട്ടിക്കൊണ്ടുവരുകയായിരുന്നു.

''ഈ പ്രായത്തില്‍ ഇവിടെ വീണ്ടുമെത്താനാകുമെന്ന് ഒരിക്കലും കരുതിയതല്ല. പഴയ കൂട്ടുകാരില്‍ പലരും ഇന്ന് ജീവിച്ചിരിപ്പുണ്ടാകില്ല. ജീവിച്ചിരിക്കുന്നവരില്‍ ആരെങ്കിലുമൊക്കെയുണ്ടെങ്കില്‍ അവരെയൊക്കെ കാണണമെന്ന് ആഗ്രഹമുണ്ട്..'' ലളിത പറഞ്ഞു.

1953-ലാണ് ലളിതകുമാരി രാമപുരത്തുനിന്ന് അമ്മാവന്‍ നാരായണന്‍ പോറ്റിയ്‌ക്കൊപ്പം എറണാകുളത്തെ സ്‌കൂളില്‍ എട്ടാംക്ലാസില്‍ ചേരാനെത്തുന്നത്. 1955-ല്‍ ഇവിടെനിന്ന് പത്താംക്ലാസ് പാസായശേഷം ലളിതയുടെ തുടര്‍പഠനവും ജീവിതവും തിരുവനന്തപുരത്തായിരുന്നു. എറണാകുളത്തെ പഠനം തീരുന്ന സമയത്താണ് 'പൂ പൊഴിഞ്ഞു, മണം മാറുന്നില്ല' എന്ന പേരില്‍ ലളിത എഴുതിയ ആദ്യത്തെ കഥ 'മലയാളരാജ്യ'ത്തില്‍ പ്രസിദ്ധീകരിച്ചത്.

1953-ല്‍ ലളിത എറണാകുളം ഗവ. ഗേള്‍സ് സ്‌കൂളില്‍ പഠിക്കാനെത്തുമ്പോള്‍ പാര്‍വതി അയ്യപ്പനായിരുന്നു പ്രധാനാധ്യാപിക. ''സ്‌കൂളിലെത്തി അഡ്മിഷന്‍ എടുത്തശേഷം മലയാളം മാഷ് മാധവക്കുറുപ്പിന്റെ ക്ലാസിലേക്കാണ് എന്നെ വിട്ടത്. പേടിയോടെ അവിടെയെത്തുമ്പോള്‍ അദ്ദേഹം ഗൗരവത്തില്‍ പേര് ചോദിച്ചു. ലളിത എന്ന് ഞാന്‍ ഉത്തരം പറഞ്ഞപ്പോള്‍ ഓഹോ! എന്നാല്‍ ഞാന്‍ ലളിതാംബിക അന്തര്‍ജനം എന്നു വിളിക്കട്ടെയെന്ന് അദ്ദേഹം തമാശയോടെ ചോദിച്ചു. ഞാന്‍ ലളിതാംബിക അന്തര്‍ജനത്തിന്റെ മകളാണെന്ന് പറഞ്ഞപ്പോള്‍ ആ മുഖത്ത് അദ്ഭുതം നിറഞ്ഞു. എന്നാല്‍ വന്നാട്ടെ, ദാ ഇവിടെ മഹാകവിയുടെ മകളുണ്ട്, അവളുടെ അടുത്തിരുന്നോളൂ എന്ന് മാഷ് പറഞ്ഞു. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ മകള്‍ രാധയായിരുന്നു അത്.'' ലളിതകുമാരി ഓര്‍മകളിലൂടെ സഞ്ചരിച്ചു.

വിവാഹശേഷം ഭര്‍ത്താവ് കൃഷ്ണന്റെ പേരുചേര്‍ത്ത് മണി കൃഷ്ണന്‍ എന്ന തൂലികാനാമത്തില്‍ കഥകളും ലേഖനങ്ങളുമൊക്കെ എഴുതിയിരുന്നു. കഴിഞ്ഞവര്‍ഷം ശതാഭിഷേക സമയത്ത് 84-ാം വയസ്സില്‍ 'മാധവിയും ദേവയാനിയും' എന്ന നോവലും ലളിത പ്രസിദ്ധീകരിച്ചിരുന്നു.
 

Content Highlights: writer manikrishnan visits her alma mater after 50 years