ബിരുദ പരീക്ഷാസമയത്തും കഥപറയാന്‍ പോയി; മടിയില്‍ കിടന്ന് കേട്ടുപഠിച്ച് ഫസ്റ്റ്ക്ലാസ് നേടിയ സാംബശിവന്‍

കൊല്ലം: കഥാപ്രസംഗ കുലപതി വി. സാംബശിവന്‍ ജീവിച്ചിരുന്നെങ്കില്‍ വ്യാഴാഴ്ച 95-ാം ജന്മദിനം. കഥകള്‍ പറഞ്ഞ് മറ്റൊരു കലാലോകക്കഥയായി മാറിയ ആ ജീവിതം ഇന്നും കേരളം ആരാധനയോടെ ഓര്‍ക്കുന്നു. ഇന്റര്‍മീഡിയറ്റ് മുതല്‍ ബിരുദംവരെ ഒന്നിച്ച് പഠിക്കുകയും ഒരുമുറിയില്‍ അന്തിയുറങ്ങുകയും ഒരുമിച്ച് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രവര്‍ത്തനത്തിനിറങ്ങുകയും ചെയ്ത ചെറിയ വെളിനല്ലൂര്‍ കൊല്ലനഴികത്ത് എ. മജീദിന് 95-ലും ഒളിമങ്ങാത്ത ഓര്‍മകള്‍ ഏറെയുണ്ട്.
'ഇന്ന് സാംബശിവന്‍ സ്‌ക്വയര്‍ ആയി മാറിയ ചിന്നക്കടയിലെ ക്ലോക്ക്ടവറിനടുത്ത് പണ്ട് അദ്ദേഹം കഥ പറഞ്ഞിട്ടുണ്ട്. അന്ന് ഞങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവം. ജനയുഗം പത്രത്തിനുവേണ്ടി വിദ്യാര്‍ഥികളും പണം പിരിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ പക്കമേളമൊന്നുമില്ലാതെ കഥപറയുകയായിരുന്നു, ബക്കറ്റുമായി ഞങ്ങളും.
ബിരുദപരീക്ഷാസമയത്ത് അദ്ദേഹത്തിന് കഥപറച്ചിലിന്റെ തിരക്കായി. മലയാളം പരീക്ഷയുടെ തലേന്ന് പരിപാടി കഴിഞ്ഞുവന്നു. ഒന്നും പഠിച്ചിട്ടില്ല. എന്റെ മടിയില്‍ ഞാന്‍ വായിക്കുന്നതും കേട്ട് കിടന്നു. ഉറങ്ങിപ്പോകുമ്പോള്‍ തട്ടിയെഴുന്നേല്‍പ്പിക്കും. അതൊരു രസകരമായ ഓര്‍മയാണ്. റിസള്‍ട്ട് വന്നപ്പോള്‍ രണ്ടുപേര്‍ക്കും ഫസ്റ്റ്ക്ലാസുണ്ടായിരുന്നു. മുണ്ടയ്ക്കലുള്ള എസ്.എന്‍.വി. ലോഡ്ജിലായിരുന്നു ഇന്റര്‍മീഡിയറ്റ് കാലത്ത്. ജയില്‍മോചിതനായിവരുന്ന എ.കെ.ജി.ക്ക് സ്വീകരണം കൊടുക്കാന്‍ പ്ലാന്‍ ചെയ്തു.
അദ്ദേഹത്തിന് മലബാറില്‍ ഒരു റെയില്‍വേസ്റ്റേഷനിലും ഇറങ്ങാന്‍ അനുവാദമില്ലായിരുന്നു. കൊല്ലത്താണ് ഇറങ്ങിയത്. സ്വീകരിക്കുമ്പോള്‍ അഞ്ചുപേരിലധികം ഉണ്ടാകാനും പാടില്ലായിരുന്നു. ഞങ്ങള്‍ അഞ്ചുപേരടങ്ങുന്ന സംഘമായി പലയിടത്തായയി നിന്ന് സ്വീകരിച്ചു. ഞങ്ങളുടെ ലോഡ്ജില്‍ താമസിപ്പിച്ചു. സീനിയറായിരുന്ന ഒ.എന്‍.വി. ആയിരുന്നു നേതൃത്വം നല്‍കിയത്.
ബിരുദപഠനവേളയില്‍ പട്ടത്താനത്ത് ഡി. രാജ് ഹോം എന്ന വാടകവീട്ടിലായിരുന്നു. വി.എന്‍. അച്യുതക്കുറുപ്പ്, പെരുമ്പുഴ ഗോപാലകൃഷ്ണന്‍, വി.കെ. ശ്രീധരന്‍ കങ്ങഴ, വി. പുഷ്‌കരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പൊടിയടുപ്പിലായിരുന്നു പാചകം. അറപ്പുമില്ലില്‍ പോയി പൊടി കൊണ്ടുവരുന്നതും കുറ്റിനിറയ്ക്കുന്നതും ഞങ്ങളുടെ ചുമതല. സാംബശിവനും ഗോപാലകൃഷ്ണനും പാട്ടുംപാടി കുറ്റിയില്‍ പൊടി നിറയ്ക്കും.
ഒരിക്കല്‍ സാംബന്‍ പുഷ്‌കരന്റെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. ആലിന്‍മൂട്ടില്‍ ഇറങ്ങി നേരെ വന്നാല്‍മതിയെന്ന് പറഞ്ഞു. അവനെ പിന്നെ ആലുംമൂടന്‍ എന്ന് വിളിക്കുമായിരുന്നു. കഥാപ്രസംഗത്തില്‍ അഴകത്ത് പദ്മനാഭക്കുറുപ്പിന്റെ ഒരു കവിതയിലെ ആശയമെടുത്ത് പാവപ്പെട്ട ഒരാളെ എല്ലാവരും ആലുംമൂടന്‍ എന്നുവിളിച്ച കഥയാക്കി മാറ്റി. കാശുകാരനായപ്പോള്‍ അയാള്‍ പേരുമാറ്റാന്‍ ആലുവെട്ടിക്കളഞ്ഞു. പിന്നെ അയാള്‍ മുറിയാലുംമൂടനായി. പിന്നെ കുഴിയെടുത്ത് കുറ്റിയും കളഞ്ഞു. അതോടെ കുഴിയാലുംമൂടനായി എന്നായി കഥ. സൗഹൃദത്തിന്റെ സ്പിരിറ്റില്‍ പുഷ്‌കരനും അത് പരിഭവമില്ലാതെ ആസ്വദിച്ചു.
ഒരുദിവസം നടക്കുമ്പോള്‍ ട്യൂബ്‌ലൈറ്റ് കണ്ട് സാംബന്‍ ചോദിച്ചു: 'ഇതിന് മലയാളത്തില്‍ എന്താപറയുക?' ഞാന്‍ പറഞ്ഞു: 'പിണ്ടിവിളക്ക്'. കോളേജ് വിടുമ്പോള്‍ സാംബശിവന്‍ എന്റെ ഓട്ടോഗ്രാഫില്‍ എഴുതി, 'അളിയാ നമുക്കിനിയും കാണാം പിണ്ടിവിളക്കിന്റെ വെട്ടത്തില്‍'.
പലതവണ പിന്നെയും കണ്ടിരുന്നു. അവസാനമായി കണ്ടത് ആശുപത്രിക്കിടക്കയില്‍. സംസാരിക്കാനാകാതെ കിടക്കുന്നതുകണ്ട് കണ്ണുനിറഞ്ഞു. ഞാന്‍ മജീദ് എന്നുപറഞ്ഞു വിളിച്ചപ്പോള്‍ കണ്ണുതുറന്നു. ആ കണ്ണുകളിലെ തിളക്കം എന്നെ തിരിച്ചറിഞ്ഞതിന്റെ അടയാളമായി ഇന്നും മനസ്സിലുണ്ട്'- മജീദ് പറഞ്ഞു. അധ്യാപകനും സി.പി.എം. നേതാവുമായിരുന്ന മജീദ് ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്.
Content Highlights: Memory of V. Sambasivan kadhaprasangam artist in Kerala