പെറ്റമ്മയുടെ ഓര്‍മകള്‍ക്കൊപ്പം മനസ്സില്‍ വിരിയുന്ന മുഖം- വി. മധുസൂദനന് നായര്‍

തിരുവനന്തപുരം: 'എന്നും ഉണരുമ്പോള്‍ പെറ്റമ്മയുടെ ഓര്‍മകള്‍ക്കൊപ്പം മനസ്സില്‍ വിരിയുന്ന മുഖമാണ് ടീച്ചറുടേത്. അധ്യാപിക മാത്രമായിരുന്നില്ല, എന്നെ പ്രസവിക്കാത്ത എന്റെ അമ്മയായിരുന്നു അവര്‍. സ്നേഹത്തിന്റെ പൂര്‍ണകുംഭം.' അന്തരിച്ച എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫ. ബി. സുലോചനാനായരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കവി വി. മധുസൂദനന് നായരുടെ ഓര്‍മകള്‍ പഴയ ക്ലാസ് മുറിയിലെത്തും.
'പുണ്യതീര്ഥംപോലെ വിശുദ്ധിയുള്ള ജീവിതമായിരുന്നു അമ്മയുടേത്. വിഷമഘട്ടങ്ങളില്‍ ആശ്വാസത്തിനായി അവിടേക്കോടിയെത്തും. എല്ലാ ചുവടുവെപ്പുകളിലും അമ്മയെന്നപോലെ അവര്‍ കൂടെയുണ്ടായിരുന്നു. ഭൗതികതയെ ആധ്യാത്മിക തേജസ്സുകൊണ്ട് പവിത്രമാക്കുന്ന സ്നേഹമാണ് അമ്മ പകര്ന്നുനല്കിയത്' - മധുസൂദനന് നായര്‍ പറഞ്ഞു.
ശിഷ്യരെല്ലാം സുലോചന ടീച്ചര്‍ക്ക് മക്കളായിരുന്നു. കുട്ടികളുടെ പ്രിയപ്പെട്ട അമ്മയായും അധ്യാപികയായും അവര്‍ പാഠഭാഗങ്ങള്‍ ചൊല്ലിപ്പഠിപ്പിച്ചു. സ്നേഹമായിരുന്നു അവരുടെ ആത്മസ്വരൂപം. ക്ലാസ്മുറികള്‍ക്കപ്പുറം കവിതയും ലേഖനങ്ങളുമായി സാഹിത്യലോകത്ത് നിരവധി സംഭാവനകള്‍ നല്കി.
'ഭാഗവതം അമര്‍ത്യതയുടെ സംഗീതം' എന്ന കൃതിയിലൂടെ കാവ്യാത്മകമായി അവര്‍ ഭാഗവതത്തെ പുനരാഖ്യാനം ചെയ്തു. ശ്രീരാമകൃഷ്ണ പ്രസ്ഥാനവുമായും വിവേകാനന്ദ സാഹിത്യവുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അവര്‍ അഗതികളായ സ്ത്രീകളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
പരമശക്തിയുടെ മുന്പില് അര്‍പിക്കപ്പെട്ട അര്ച്ചനാപുഷ്പമെന്നപോലെയായിരുന്നു അവരുടെ ജീവിതം. തലമുറകളിലൂടെ സ്പന്ദിക്കുന്ന അക്ഷരചൈതന്യമായും സ്നേഹത്തിന്റെ വറ്റാത്ത ചൈതന്യമായും അവര്‍ ജ്വലിച്ചു നില്ക്കും- മധുസൂദനന് നായര്‍ പറഞ്ഞു.
Content Highlights: V. Madhusoodanan Nair pays homage to writer Prof. B. Sulochana Nair