സ്കൂൾ ഓഫ് ലെറ്റേഴ്സ് സെമിനാറിന് വൈസ് ചാൻസലർ ഫണ്ട് നിഷേധിച്ചതായി പരാതി

കോട്ടയം: എം. ജി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സ് നടത്താനിരുന്ന 'വി.സി ഹാരിസ് വൈജ്ഞാനിക സദസ്സ്' എന്ന അക്കാദമിക് സെമിനാറിന് അനുവദിച്ച പണം വൈസ് ചാൻസലർ ഇടപെട്ട് തടഞ്ഞുവെച്ചതായി പരാതി.
നവംബർ 4,5 തീയതികളിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നടത്താനിരുന്ന സെമിനാറാണ് കാരണം വ്യക്തമാക്കാതെ തടഞ്ഞത്. ബജറ്റിൽ വകയിരുത്തി അംഗീകരിക്കപ്പെട്ട തുകയാണ് സെമിനാറിന് രണ്ടു ദിവസം മുമ്പ് തടയപ്പെട്ടതെന്ന് സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ. സജി മാത്യു ആരോപിച്ചു.
നിരൂപകനും മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അധ്യാപകനുമായിരുന്ന വി.സി. ഹാരിസിന്റെ ഓർമയ്ക്ക് 2018 മുതൽ എല്ലാ വർഷവും നടത്തുന്ന അക്കാദമിക് സെമിനാറാണ് 'വി.സി ഹാരിസ് വൈജ്ഞാനിക സദസ്സ്'. വിഖ്യാത ചിന്തകനായ മിഷേൽ ഫൂക്കോയുടെ ജന്മശതാബ്ദി വർഷമായ 2026ൽ 'Revisiting Foucault' എന്ന വിഷയത്തെ മുൻനിർത്തിയാണ് സെമിനാർ സംഘടിപ്പിക്കപ്പെടുന്നത്. സംഭവത്തെക്കുറിച്ച് സർവ്വകലാശാല അധികൃതർ പ്രതികരിച്ചില്ല.