യുദ്ധത്തെയും അതിജീവിച്ച പുസ്തകങ്ങൾ

ഡമാസ്‌കസ്: യുദ്ധം പാതിതകർത്ത സ്വന്തം വീട്ടിലേക്ക് 15 വർഷത്തിനുശേഷം മടങ്ങിയെത്തിയ അബു ബിലാൽ ആദ്യം ചെയ്തത് സ്വീകരണമുറിയിലെ ആ ‘കള്ള’ഭിത്തി പൊളിക്കുകയായിരുന്നു. അതിനുള്ളിൽ അദ്ദേഹത്തെ കാത്തിരുന്നത് പണമോ ആഭരണങ്ങളോ അല്ല; യുദ്ധപൂർവകാലത്ത് ശേഖരിച്ചുവെച്ച നൂറുകണക്കിന് പ്രിയ പുസ്തകങ്ങൾ.
2011-12: സിറിയയിൽ ആഭ്യന്തരയുദ്ധം രൂക്ഷമായ കാലം. പ്രാണരക്ഷാർഥം കുവൈത്തിലേക്ക് നാടുവിട്ടുപോകുമ്പോൾ പ്രിയപുസ്തകങ്ങൾ എങ്ങനെ സംരക്ഷിക്കുമെന്ന ആശയക്കുഴപ്പത്തിലായി ഹോംസ് സ്വദേശിയായ അബു. ഒപ്പം കൊണ്ടുപോകാൻ ഒക്കുകയില്ല. ഉപേക്ഷിച്ചുപോകാനും മനസ്സുവന്നില്ല. അങ്ങനെ എന്നെങ്കിലും തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിൽ ഗ്രന്ഥശേഖരം ചുമരിനുള്ളിൽ സുരക്ഷിതമായി ഒളിപ്പിച്ചുവെച്ചു. ഒരു തലമുറയുടെ വായനയും അറിവും ഓർമ്മകളും സംരക്ഷിക്കാനുള്ള ശ്രമംകൂടിയായിരുന്നു ആ രഹസ്യമതിൽ. 2024-ൽ ബാഷർ അൽ അസദ് അധികാരത്തിൽനിന്ന് പുറത്താവുകയും സിറിയയിൽ ഭരണകൂടമാറ്റമുണ്ടാവുകയും ചെയ്തതോടെ നാട്ടിലേക്കു മടങ്ങിയ അബു ഈയാഴ്ച ഭിത്തി പൊളിച്ചു. അതിന്റെ ദൃശ്യങ്ങൾ മകൻ ബിലാൽ അല്ലൂൻ പകർത്തി. ‘‘ദൈവത്തിന് നന്ദി, അല്പം പൊടിയുണ്ടെന്നേയുള്ളൂ, എല്ലാം സുരക്ഷിതമാണ്.” -പോറലൊന്നുംകൂടാതെ പുസ്തകങ്ങൾ കണ്ടപ്പോൾ അബു പറഞ്ഞു.
അസദ് ഭരണകാലത്ത് നിരോധിക്കപ്പെട്ട രാഷ്ട്രീയ, മത, സാമൂഹിക വിഷയങ്ങളിലുള്ള പുസ്തകങ്ങളാണ് അബുവിന്റെ ലൈബ്രറിയിൽ കൂടുതലും.