‘3 വയസ്സുള്ള കുഞ്ഞായിരുന്നു വ്യഭിചാരകേന്ദ്രത്തിൽനിന്ന് ഞാൻ രക്ഷപ്പെടുത്തിയ ഏറ്റവും ചെറിയ കുട്ടി’

#കെ.പി. നിജീഷ് കുമാര്‍
കോഴിക്കോട് തളി ജൂബിലി ഹാളിൽ മാതൃഭൂമി സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനുസ്‌മരണ ചടങ്ങിൽ വീരേന്ദ്രകുമാർ നാഷണൽ തോട്ട് ലീഡർഷിപ്പ് പുരസ്‌കാരം ഏറ്റുവാങ്ങിയ മനുഷ്യാവകാശ പ്രവർത്തക സുനിതാ കൃഷ്ണൻ പ്രസംഗിക്കുന്നു| ഫോട്ടോ: കെ.കെ. സന്തോഷ്
കോഴിക്കോട് തളി ജൂബിലി ഹാളിൽ മാതൃഭൂമി സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനുസ്‌മരണ ചടങ്ങിൽ വീരേന്ദ്രകുമാർ നാഷണൽ തോട്ട് ലീഡർഷിപ്പ് പുരസ്‌കാരം ഏറ്റുവാങ്ങിയ മനുഷ്യാവകാശ പ്രവർത്തക സുനിതാ കൃഷ്ണൻ പ്രസംഗിക്കുന്നു| ഫോട്ടോ: കെ.കെ. സന്തോഷ്

ലൈംഗികതയ്ക്ക് വേണ്ടി പിഞ്ചുകുഞ്ഞിനെ പോലും നിർദയമായി വേട്ടയാടി വിൽക്കുന്ന ലോകം. വിരൽത്തുമ്പിലെ സാങ്കേതിക വിദ്യയാൽ ഒറ്റക്ലിക്കിൽ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ, പെൺകുട്ടികളുടെ, സ്ത്രീകളുടെ നഗ്നവീഡിയോകൾ യഥേഷ്ടം സുലഭമാകുന്ന ഇടം. സ്വന്തം വീട്ടിലെ കുഞ്ഞ് പീഡിപ്പിക്കപ്പെട്ടുവെന്ന വാർത്ത വരുന്നത് വരെ ഒന്നിനെ കുറിച്ചും ചിന്തിക്കാതെ നിശബ്ദരായിരിക്കുന്ന മനുഷ്യരുടെ ലോകം. അങ്ങനെയൊരു വല്ലാത്ത ഇരുണ്ടകാലത്തെക്കുറിച്ചായിരുന്നു എം.പി വീരേന്ദ്രകുമാർ നാഷണൽ തോട്ട് ലീഡർഷിപ്പ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രശസ്ത സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ സുനിത കൃഷ്ണൻ കോഴിക്കോട്ട് സംസാരിച്ചത്. അവാർഡ് വിതരണച്ചടങ്ങിൽ സുനിത കൃഷ്ണൻ സംസാരിച്ചതിന്റെ പൂർണ രൂപം വായിക്കാം.

ലൈംഗികതയ്ക്ക് വേണ്ടി മനുഷ്യവർഗം ചൂഷണം ചെയ്യപ്പെടുന്ന ഇരുണ്ട ലോകത്തു നിന്നാണ് ഞാൻ വരുന്നത്. അവിടെയാണ് ഞാൻ ജോലി ചെയ്യുന്നത്. അവർക്ക് വേണ്ടി ശബ്ദമുണ്ടാക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പക്ഷേ, ഈ പുതിയകാലത്തും, 'അത് എന്നെ ബാധിക്കുന്നില്ലല്ലോ' എന്ന മട്ടിൽ എല്ലാത്തിനോടുമുള്ള മനുഷ്യരുടെ നിശബ്ദതയാണ് ഇന്നുമെന്നെ ഭയപ്പെടുത്തുന്നത്.

ഒരു മൂന്നുവയസ്സുള്ള കുട്ടിയാണ് വ്യഭിചാര കേന്ദ്രത്തിൽ നിന്നു ഞാൻ രക്ഷപ്പെടുത്തിയ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ്. ആർക്കായിരുന്നു ഈ കുഞ്ഞിനെ വേണ്ടത്? നമുക്കിടയിലുള്ള മനുഷ്യർക്കാണ്, ആണുങ്ങൾക്കാണ്. അവരുടെ ഇടയിൽ നിന്നു കൊണ്ടു തന്നെയാണ് മൂന്നുവയസ്സുള്ള, പത്തുവയസ്സുള്ള, ഇരുപത് വയസ്സുള്ള ഇരകളെക്കുറിച്ച് സംസാരിക്കുന്നത്. നിയമപോരാട്ടം നടത്തുന്നത്. അതാണ് ഞാൻ വരുന്ന ലോകം. 150 ബില്ല്യൺ ഡോളർ വരുമാനമുണ്ടാക്കുന്ന കച്ചവട മേഖല.

ഏറ്റവും വേഗം വളരുന്ന ക്രിമനൽ വ്യവസായ സംരംഭം എന്നാണ് ഈ മേഖലയെ കുറിച്ച് യുണൈറ്റഡ് നാഷൻ പോലും പറഞ്ഞിരിക്കുന്നത്. ഞാൻ ഈ ജോലി ആരംഭിക്കുമ്പോൾ അത്രമേൽ എളുപ്പമായിരുന്നു കാര്യങ്ങൾ. ആരാണ് കുറ്റക്കാരെന്നും ആരാണ് കുഞ്ഞുങ്ങളെ വിൽക്കാൻ വെച്ചിരിക്കുന്നതെന്നും ആർക്ക് വേണ്ടിയാണ് അവർ ജോലി ചെയ്യുന്നത് എന്നുമെല്ലാം വ്യക്തമായിരുന്നു. പക്ഷേ ഇന്ന് ടെക്നോളജിയാൽ അവരുടെ മുഖങ്ങൾ വ്യക്തമല്ലാതായി മാറിയിരിക്കുന്നു. അവർക്ക് സുരക്ഷാ കവചമൊരുങ്ങുന്നു.ഇരകളെ മാത്രം വ്യക്തമായി കാണാം.

ലോകത്താകമാനം 300 മില്ല്യൺ കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു എന്നാണ് ഒരു അന്താരാഷ്ട്ര സംഘടന പുറത്തുവിട്ട കണക്കുകൾ പറയുന്നത്. അതിനർഥം, ഓരോ സെക്കൻഡിലും പത്ത് കുട്ടികൾ വിൽക്കപ്പെടുന്നു എന്നാണ്. അതിനായി ആപ്പുകളുടെ വലിയ ശേഖരം തന്നെ മുന്നിലേക്ക് തെളിഞ്ഞുവരുന്നു. മനുഷ്യവിൽപ്പനയുടെ ആധുനിക രൂപം.

ഈ ആപ്പുകളെ കുറിച്ച് അന്വേഷിച്ചപ്പോൾ മിനുറ്റുകൾക്കുള്ളിലാണ് രാജ്യത്തെ കുഞ്ഞുങ്ങളുടെ നഗ്‌നവീഡിയോകൾ എന്റെ വിരൽത്തുമ്പിലേക്ക് വന്നത്. എന്റെ ആവശ്യം പറഞ്ഞു, മൂന്ന് മിനിറ്റിനുള്ളിൽ 35000 ആളുകൾ അംഗങ്ങളായിട്ടുള്ള രണ്ട് ഗ്രൂപ്പുകളിൽ നിന്ന് എനിക്ക് മറുപടി വന്നു. ഹോട്ടലുകളിലെ മെനുകാർഡുകൾ പോലെ മനുഷ്യനെ വിൽക്കാനുള്ള മെനുക്കാർഡുകൾ വന്നു.

അംഗപരിമിതരായ കുട്ടികൾ വേണോ, ട്രൈബൽ കുട്ടികൾ വേണോ, മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ വേണോ അവിടെ എല്ലാം സുലഭമായിരുന്നു. എനിക്ക് ചെലവായത് 532 രൂപയാണ്. പത്ത് പതിനഞ്ച് മിനിറ്റിനുള്ളിൽ കിട്ടിയത് 9000 ഇന്ത്യൻ കുട്ടികളുടെ വീഡിയോകൾ. ഇതാണ് നമ്മൾ ജീവിക്കുന്ന ലോകം. 300 ബില്ല്യൺ കുഞ്ഞുങ്ങൾ ലോകത്താകമാനം ഇങ്ങനെ വിൽക്കപ്പെടുന്നു. ഇത് കേട്ടിട്ടും മനുഷ്യർ നിശബ്ദരാണ്, ‘എനിക്കറിയില്ല’ എന്ന ഒറ്റവാക്കിൽ ഒഴിഞ്ഞുമാറുന്നു.

എനിക്ക് തട്ടിയാൽ മാത്രമേ ഞാൻ പ്രതികരിക്കുകയുള്ളൂ എന്നത് ഏറെ ഭയപ്പെടുത്തുന്ന കാര്യമാണ്. എന്റെ കുഞ്ഞ് വിൽക്കപ്പെട്ടാലേ ഞാൻ ഒച്ചവെക്കുകയുള്ളൂ എന്നതാണ് നിലപാട്. അതാണോ നമ്മൾ ആഗ്രഹിക്കുന്നത്? മൂന്നു വയസ്സുള്ള, അഞ്ചു വയസ്സുള്ള, പത്തു മാസം പ്രായമുള്ള കുട്ടി വിൽക്കപ്പെടുമ്പോൾ ആരാണ് ഇവരെ വാങ്ങിക്കുന്നത്. നമ്മുടെ മകനാണ്, സഹോദരനാണ്, അല്ലെങ്കിൽ പിതാവാണ്, നമുക്കിടയിലുള്ള മറ്റുള്ളവരാണ്. നമ്മൾ നിശബ്ദരായിരിക്കുന്നതിന് കാരണവും ഇതാണ്.

എന്നെ കേട്ടിരിക്കുന്നവരെ സങ്കടപ്പെടുത്തിയിട്ടും വിഷമിപ്പിച്ചിട്ടും എനിക്കൊന്നും കിട്ടാനില്ല. എനിക്ക് വേണ്ടത്, ഏറ്റവും കുറഞ്ഞത് എഴുന്നേറ്റിരുന്ന് നോ എന്ന് പറയാനെങ്കിലും കൈ ഉയർത്തുക എന്നതാണ്. ചൂഷണം ചെയ്യപ്പെടുന്നത് നമ്മുടെ, എന്റെ വീട്ടിലെ കുട്ടിയാണ് എന്ന തിരിച്ചറിവാണ് വേണ്ടത്. നാം താമസിക്കുന്ന ഭൂമിയുടെ അഞ്ചു സെന്റിമീറ്റർ നഷ്ടപ്പെടുമെന്ന് തോന്നിയാൽ സഹോദരങ്ങളുമായി തല്ലിപ്പിരിഞ്ഞ് കേസ് നടത്താൻ സുപ്രീംകോടതിവരെ പോകുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്. പക്ഷെ ഒരു കുഞ്ഞ് പീഡിപ്പിക്കപ്പെട്ടുവെന്ന് അറിയുമ്പോൾ നമുക്ക് ശബ്ദമില്ലാതായി മാറുന്നു.

സുനിത കൃഷ്ണന്റെ വാക്കുകൾ കേട്ട് സദസ്സ് തരിച്ചിരുന്നു, എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്തു. കൂടുതൽ കരുത്തേകാൻ മാതൃഭൂമിയുടെ പിന്തുണവേണമെന്ന് ആവശ്യപ്പെട്ട സുനിതാ കൃഷ്ണന് മാതൃഭൂമി മീഡിയഹൗസിന്റെ എല്ലാ പിന്തുണയും തുടർ പ്രവർത്തനങ്ങൾക്ക് ഉണ്ടാവുമെന്ന് മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ സദസ്സിന് മുമ്പാകെ വാക്ക് നൽകുകയും ചെയ്തു.

Content Highlights: Sunitha Krishnan highlights the global rise of the $150 billion human trafficking industry., The transition of child exploitation into digital spaces and apps makes tracking offenders harder., Statistics show millions of children are being sold globally, with technology providing anonymity to predators., A powerful appeal to society to stop being silent and take a stand against child sexual exploitation., The need to treat child abuse as a personal and societal crisis rather than an isolated incident.