സുഗതകുമാരിയുടെ ഓർമയിൽ വിദ്യാലയങ്ങളിൽ ഉയരും 126 സൂക്ഷ്മവനം

പത്തനംതിട്ട: പ്രകൃതിയെ കവിതകളിലേക്ക് ആവാഹിച്ച് മലയാളത്തെ ധന്യമാക്കിയ കവയിത്രി സുഗതകുമാരിയുടെ ഓര്‍മ്മയില്‍ സംസ്ഥാനത്തെ 126 സ്‌കൂളുകളില്‍ സൂക്ഷ്മവനം ഉയരും. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് 'സുഗതസൂക്ഷ്മവനം' പദ്ധതി. വിദ്യാര്‍ഥികളുടെ മനസ്സില്‍ പാരിസ്ഥിതിക അവബോധം വളര്‍ത്തുന്നതിനൊപ്പം സുഗതകുമാരിയുടെ ഓര്‍മ്മ കൂടി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഒരുജില്ലയില്‍ ഒമ്പത് സ്‌കൂള്‍ എന്ന കണക്കിലാണ് 126 സ്‌കൂളുകളില്‍ വനം ഒരുക്കുന്നത്. ആറുമാസത്തിനിടെ 17 സ്‌കൂളുകളില്‍ തൈകള്‍ നട്ട് പദ്ധതിയുടെ പ്രാരംഭഘട്ടം തുടങ്ങി.
സുഗതകുമാരിയുടെ നവതി ആഘോഷമായ 'സുഗതോത്സവ'ത്തോട് അനുബന്ധിച്ചാണ് പദ്ധതി തുടങ്ങിയത്. ഒരു സ്‌കൂളില്‍, രണ്ടു സെന്റില്‍ 90 വൃക്ഷത്തൈകളാണ് നടുന്നത്. ഇവ കുട്ടിവനമായി രൂപപ്പെടും. ഫലവൃക്ഷങ്ങളും പൂക്കളുണ്ടാകുന്ന വൃക്ഷങ്ങളും ഔഷധവൃക്ഷങ്ങളും നടുന്നുണ്ട്. ഡ്രിപ്പ് ഇറിഗേഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കും. സുഗതകുമാരിയുടെ, 'ഒരു തൈ നടാം നമുക്കമ്മയ്ക്കുവേണ്ടി' എന്ന കവിത ചൊല്ലിയാണ് തൈകള്‍ നടുന്നത്.
മൂന്നുവര്‍ഷം ട്രസ്റ്റ് സംരക്ഷണച്ചുമതല നിര്‍വഹിക്കും. തുടര്‍ന്ന് പൂര്‍ണസംരക്ഷണച്ചുമതല സ്‌കൂളിനാണ്. ഓരോജില്ലയ്ക്കും അനുയോജ്യമായ തൈകളാണ് നടുന്നത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, വനംവകുപ്പ്, നഴ്സറികള്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇവ ശേഖരിക്കുന്നത്. വനസംരക്ഷണത്തിനായി സ്‌കൂളുകളില്‍ എക്കോ ക്ലബ്ബ് രൂപവത്കരിക്കുകയും മാസത്തില്‍ ഓരോ പരിപാടി വീതം കുട്ടിവനത്തില്‍ നടത്തുകയും ചെയ്യും. പദ്ധതിക്ക് എല്ലാ ജില്ലയിലും കോഡിനേറ്റര്‍മാരുമുണ്ട്.
'സുഗതോത്സവം' ഇന്ന് സമാപിക്കും; സമാപനസമ്മേളനം കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനംചെയ്യും
ആറന്മുള: കവയിത്രി സുഗതകുമാരിയുടെ, ഒരുവര്‍ഷത്തെ നവതി ആഘോഷങ്ങളുടെ ഭാഗമായി നടന്നുവന്ന സുഗതോത്സവം ബുധനാഴ്ച സമാപിക്കും. പിറന്നാള്‍ ദിനമായ ബുധനാഴ്ച വൈകീട്ട് മൂന്നിന് ശ്രീ വിജയാനന്ദ വിദ്യാപീഠത്തില്‍ സമാപനസമ്മേളനം കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനംചെയ്യും. നവതി ആഘോഷസമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷതവഹിക്കും. ശ്രീമന്‍ നാരായണന്‍, പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് നവതി പുരസ്‌കാരം സമ്മാനിക്കും.
നവതി ആഘോഷകമ്മിറ്റി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സുഗതസൂക്ഷ്മവനം പദ്ധതി സമ്മതപത്രം ഡോ. ഇന്ദിര രാജനില്‍ നിന്ന് സ്വീകരിക്കും. രാവിലെ 9.30-ന് സുഗത കാവ്യമഞ്ജരി. പ്രമുഖ കവികളും സാഹിത്യകാരന്‍മാരും പങ്കെടുക്കും. പ്രൊഫ.വി.മധുസൂദനന്‍ നായര്‍ ഉദ്ഘാടനംചെയ്യും. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍, കവി കെ. രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
11.30-ന് സുഗത സംഗീതാഞ്ജലിയില്‍ സുഗതകുമാരി കവിതകള്‍ വിവിധ രാഗങ്ങളിലും ഭാവത്തിലും ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ അവതരിപ്പിക്കും. മാവേലിക്കര വിജയകൃഷ്ണന്‍ (വയലിന്‍), ശ്രീരംഗം കൃഷ്ണകുമാര്‍ (മൃദംഗം), വൈക്കം രത്നശ്രീ (തബല), പ്രശാന്ത് ഷേണായ് (ഓടക്കുഴല്‍) എന്നിവരും പങ്കെടുക്കും. കടമ്മനിട്ട ആര്‍. പ്രസന്നകുമാര്‍ പരിപാടികള്‍ക്ക് ആമുഖം നല്‍കും.
സുഗതകുമാരിയുടെ ഓര്‍മ്മ നിലനില്‍ക്കണം - കുമ്മനം രാജശേഖരന്‍
കുട്ടികളില്‍ ചെറുപ്പത്തിലേ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുകയെന്നതാണ് സുഗതസൂക്ഷ്മവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വനം ഒരുക്കി പരിപാലിക്കുന്നതിലൂടെ, പ്രകൃതിക്കുവേണ്ടി എന്നും നിലകൊണ്ട സുഗതകുമാരിയെ കുട്ടികളുടെ മനസ്സില്‍ പ്രതിഷ്ഠിക്കുക കൂടിയാണ് - കുമ്മനം രാജശേഖരന്‍ (സുഗതകുമാരി നവതി ആഘോഷ സമിതി ചെയര്‍മാന്‍).
സുഗതകുമാരിയുടെ സ്മാരകം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുന്നതായി ആരോപണം
തിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെ 90-ാം ജന്‍മവാര്‍ഷികം ബുധനാഴ്ച. ജന്മനാടായ ആറന്മുളയില്‍ സുഗതകുമാരിയുടെ ഓര്‍മ നിലനിര്‍ത്താന്‍ സുഗതവനം പദ്ധതി മുതല്‍ പുരസ്‌കാരം നല്‍കുന്നത് വരെയുള്ള പരിപാടികള്‍ മൂന്നു ദിവസമായി നടക്കുകയാണ്. എന്നാല്‍, സുഗതകുമാരിയുടെ ദീര്‍ഘകാലത്തെ കര്‍മമേഖലയായിരുന്ന തലസ്ഥാനത്ത് സ്മാരകം ഉള്‍പ്പെടെയുള്ള ഓര്‍മചിഹ്നങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുകയാണ്.
മ്യൂസിയം-നന്ദാവനം-ബേക്കറി ജങ്ഷന്‍ റോഡിന് സുഗതകുമാരിയുടെ പേര് നല്‍കുന്നതായ പ്രമേയം നഗരസഭ പാസാക്കിയിരുന്നു. എന്നാല്‍, ഇതിന്റെ തുടര്‍നടപടികള്‍ പൊതുമരാമത്ത് വകുപ്പോ നഗരസഭയോ സ്വീകരിച്ചില്ല. കോവിഡ് കാലത്താണ് സുഗതകുമാരി വിടപറഞ്ഞത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സുഗതകുമാരിയുടെ സ്മാരകത്തിന് മൂന്നു കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാംപസില്‍ സ്മാരകത്തിന് സ്ഥലം കണ്ടെത്തുമെന്നും നിര്‍മിക്കുമെന്നും സാംസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നു. ഇതും നടപ്പിലായില്ല.
Content Highlights: sugathakumari 90th birth anniversary celebrations kerala