സുധാ മൂര്‍ത്തിക്ക് തിലക് പുരസ്‌കാരം വ്യാഴാഴ്ച ഡല്‍ഹിയില്‍ സമ്മാനിക്കും

സുധാ മൂര്‍ത്തി | Photo: PTI
സുധാ മൂര്‍ത്തി | Photo: PTI

പുണെ: ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ മുന്‍ ചെയര്‍പേഴ്സണും എഴുത്തുകാരിയും രാജ്യസഭാംഗവുമായ സുധാ മൂര്‍ത്തിക്ക് ഈ വര്‍ഷത്തെ ലോക്മാന്യ തിലക് ദേശീയ പുരസ്‌കാരം അദ്ദേഹത്തിന്റെ 104-ാം ചരമവാര്‍ഷികദിമായ ഓഗസ്റ്റ് ഒന്നിന് ഡല്‍ഹിയില്‍ സമ്മാനിക്കും. മഹാരാഷ്ട്ര സദനില്‍ വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ എന്‍.സി.പി. നേതാവ് ശരദ് പവാര്‍, മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല, ലോക് സഭാംഗം ഷാഹു ഛത്രപതി തുടങ്ങിയവര്‍ പങ്കെടുക്കും.

കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരുന്നു പുരസ്‌കാരം. ഗ്രാമവികസനം, സാഹിത്യം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സുധാ മൂര്‍ത്തി നല്‍കിയ സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

ലോക്മാന്യ തിലകിന്റെ സ്വദേശിയും മാനവവികസനവും സംബന്ധിച്ച തത്വങ്ങളുമായി യോജിച്ചുപ്രവര്‍ത്തിക്കുന്ന സുധാ മൂര്‍ത്തിയുടെ ശ്രമങ്ങള്‍ എടുത്തുകാണിച്ച് തിലക് സ്മാരക ട്രസ്റ്റിന്റെ ട്രസ്റ്റികള്‍ അവരെ ഏകകണ്ഠമായാണ് തിരഞ്ഞെടുത്തതെന്ന് ബാല ഗംഗാധര തിലകന്റെ വംശാധികാരിയും ട്രസ്റ്റിയുമായ ഡോ. രോഹിത് പുണെയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യപുരസ്‌കാരം 1983-ല്‍ എസ്.എം. ജോഷിക്കാണ് സമ്മാനിച്ചിരുന്നത്. തുടര്‍ന്നുള്ള പുരസ്‌കാരജേതാക്കളില്‍ ഇന്ദിരാ ഗാന്ധി, അടല്‍ ബിഹാരി വാജ്‌പേയി, ജി. മാധവന്‍ നായര്‍, കോട്ട ഹരിനാരായണ, ഡോ. ടെസ്സി തോമസ്, ഡോ. കെ. ശിവന്‍, ഡോ. എ. സ്വതനു പിള്ള, ഡോ. സുബ്ബൈഹ് അരുണന്‍, ഡോ. ഇ. ശ്രീധരന്‍, ബാബ കല്യാണി, രാഹുല്‍ ബജാജ്, ഡോ. സൈറസ് പൂനാവാല, ഡോ. പ്രകാശ് ആംതെ, ഡോ. മന്‍മോഹന്‍ സിങ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ ഉള്‍പ്പെടും.

Content Highlights: Sudha Murty will be conferred the Tilak award