കവിതയുടെ ഉള്ളറിയാന്‍ കവിയെ തേടി വിദ്യാര്‍ഥികള്‍; സ്വന്തം പുസ്തകം സമ്മാനിച്ച് എഴുത്തുകാരന്‍

ഒമ്പതാംക്ലാസിലെ മലയാളം പാഠപുസ്തകത്തില്‍ ഉള്‍പ്പെട്ട സ്വന്തം കവിത കവി വീരാന്‍കുട്ടി കുട്ടികള്‍ക്കായി ചൊല്ലുന്നു.
ഒമ്പതാംക്ലാസിലെ മലയാളം പാഠപുസ്തകത്തില്‍ ഉള്‍പ്പെട്ട സ്വന്തം കവിത കവി വീരാന്‍കുട്ടി കുട്ടികള്‍ക്കായി ചൊല്ലുന്നു.

എലത്തൂര്‍: ഒമ്പതാംക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ കവിത എഴുത്തുകാരനില്‍നിന്നുതന്നെ നേരിട്ട് കേട്ടതിന്റെ ആനന്ദത്തിലാണ് ഒരുപറ്റം കുട്ടികള്‍. തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 'കളര്‍ബോക്‌സി'ലെ കുട്ടികളാണ് വീരാന്‍കുട്ടിയുടെ 'സ്മാരകം' എന്ന കവിതയുടെ ഉള്ളറിയാന്‍ കവിയെ നേരില്‍ക്കണ്ടത്.

നല്ല നാളേക്കുവേണ്ടി, കനവിന്റെ വിത്ത് മാറിലൊളിപ്പിച്ച് പറക്കുന്ന അപ്പൂപ്പന്‍താടിയെക്കുറിച്ചുള്ള കവിത കുട്ടികള്‍ കേട്ടിരുന്നു. ഒന്‍പതാംക്ലാസ് പാഠപുസ്തകത്തിലെ ഒന്നാം യൂണിറ്റിലാണ് ഈ കവിത ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്ലാസില്‍ കവിത പഠിപ്പിക്കുന്നതിനു മുമ്പുതന്നെ കവിതയുടെ ഉള്ളറിഞ്ഞത് വേറിട്ട അനുഭവമായി.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മികച്ച നാടകമായ 'ഓസ്‌കാര്‍ പുരുഷു'വിലെ അഭിനേതാക്കളാണ് കുട്ടികളുടെ സംഘത്തിലുണ്ടായിരുന്നത്.

വീരാന്‍കുട്ടിയുടെ 'മണികെട്ടിയതിനുശേഷമുള്ള പൂച്ചയുടെയും എലികളുടെയും ജീവിതം' എന്ന കവിതയില്‍ പിറന്ന നാടകമാണ് ഓസ്‌കാര്‍ പുരുഷു. നാടകം എഴുതി സംവിധാനംചെയ്ത ഇതേ സ്‌കൂളിലെ അധ്യാപകനും നാടകപ്രവര്‍ത്തകനുമായ ശിവദാസ് പൊയില്‍ക്കാവും കുട്ടികളെ അനുഗമിച്ചു. വടകരയിലെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ സ്വന്തം പുസ്തകം കവി കുട്ടികള്‍ക്ക് സ്‌നേഹോപഹാരമായി നല്‍കി.

Content Highlights: Students meet poet Veerankutty at his home in Kozhikode