ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നവംബര്‍ ആറ് മുതല്‍ തുടക്കം

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് (എസ്.ഐ.ബി.എഫ്. 2024) ഒരുക്കം പൂര്‍ത്തിയായതായി ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്.ബി.എ) സി.ഇ.ഒ അഹമ്മദ് ബിന്‍ റക്കദ് അല്‍ അമേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'തുടക്കം ഒരു പുസ്തകം' എന്ന പ്രമേയത്തിലുള്ള 43-മത് അന്താരാഷ്ട്രപുസ്തകമേള നവംബര്‍ ആറ് മുതല്‍ 17 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കും. കവി റഫീഖ് അഹമ്മദ്, ഇന്ത്യന്‍ നടിയും എഴുത്തുകാരിയുമായ ഹുമ ഖുറൈഷി എന്നിവര്‍ മേളയില്‍ പങ്കെടുക്കും.
ഇത്തവണ 112 രാജ്യങ്ങളില്‍നിന്നുള്ള 2522 പ്രസാധകരും പ്രദര്‍ശകരും പങ്കെടുക്കും. 400-ലേറെ എഴുത്തുകാര്‍ അവരുടെ ഏറ്റവും പുതിയ കൃതികളുമായെത്തും. 63 രാജ്യങ്ങളില്‍നിന്നുള്ള 250 അതിഥികള്‍ നയിക്കുന്ന 1357 സാംസ്കാരിക പരിപാടികളുണ്ടാകും. ഏത് പ്രായക്കാര്‍ക്കും അനുയോജ്യമായ പരിപാടികള്‍ക്കായിരിക്കും ഇത്തവണ മുന്‍തൂക്കം.
17 അന്താരാഷ്ട്ര ഷെഫുമാരുടെ നേതൃത്വത്തില്‍ ലൈവ് പാചക സെഷനുകള്‍ ഉണ്ടായിരിക്കും. വിയറ്റ്നാം, ഒമാന്‍, സ്ലോവേനിയ, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്ന് ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍നിന്ന് 17 ഷെഫുമാരെത്തും. എല്ലാ പ്രായക്കാര്ക്കുമായി ഏതാണ്ട് 600 വര്‍ക്ക്ഷോപ്പുകള്‍ നടത്തും. ക്രിയേറ്റീവ് റൈറ്റിങ് രംഗത്തെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത എക്സ്ക്ലൂസീവ് വര്‍ക്ക്ഷോപ്പുകളുമുണ്ടായിരിക്കും.
കവിത പെയ്യുന്ന രാത്രികളാണ് 43-ാമത് പുസ്തകമേളയിലെ സവിശേഷത. റഫീഖ് അഹമ്മദ് കവിതകള്‍ അവതരിപ്പിക്കും. എല്ലാ ദിവസവും വൈകീട്ട് ഏഴ് മണിക്ക് കവിതാലാപന പരിപാടികള്‍ അരങ്ങേറും. മലയാളം, അറബി, ഇംഗ്ലീഷ്, ഉറുദു, പഞ്ചാബി, തഗാലോഗ് എന്നിങ്ങനെ ആറ് വ്യത്യസ്ത ഭാഷകളിലായാണ് കാവ്യരാത്രി നടക്കുക.
മൊറോക്കോയാണ് പുസ്തകമേളയിലെ അതിഥി രാജ്യം. മൊറോക്കോയുടെ സമ്പന്നമായ ചരിത്രവും സാഹിത്യ സാംസ്കാരിക പൈതൃകവും പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക പരിപാടികള്‍ അരങ്ങേറും.
ആകെ 2522 പ്രസാധകരും പ്രദര്‍ശകരും ആതിഥേയത്വം വഹിക്കും. ഇതില്‍ മലയാളത്തില്‍നിന്നുള്‍പ്പെടെ 264 വിദേശ പ്രസാധകരുണ്ടാകും. അറബ് മേഖലയില്‍നിന്ന് 835 പ്രസാധകരുണ്ടാകും. 234 പ്രസാധകരുമായി അറബ് മേഖലയില്‍ യു.എ.ഇ.യാണ് മുന്നില്‍. ഈജിപ്തില്‍നിന്ന് 172, ലെബനനില്‍നിന്ന് 88, സിറിയയിൽനിന്ന് 58 എന്നിങ്ങനെ പ്രസാധകരെത്തും. അന്താരാഷ്ട്രതലത്തില്‍ 81 പ്രസാധകരുമായി യു.കെ.യാണ് മുന്നില്‍. 52 പ്രസാധകരുമായി ഇന്ത്യ രണ്ടാമതുണ്ട്.
Content Highlights: Sharjah International Book Fair 2024