'ഈഗോയുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല സിനിമയ്ക്കും സീരിയലിനും വേണ്ടിയുള്ള എഴുത്ത്'- ആനന്ദ് നീലകണ്ഠൻ

കൊച്ചി :ഈഗോയുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല സിനിമയ്ക്കും സീരിയലിനും വേണ്ടിയുള്ള എഴുത്ത്. അതിൽ നമ്മുടേത് വാടകയ്ക്കെടുത്ത കൈയാണ്. ഈഗോയുള്ളവർ പുസ്തകമെഴുതുകയാണ് ചെയ്യേണ്ടത്- എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍ പറഞ്ഞു.
പ്രഭ ഖെയ്താൻ ഫൗണ്ടേഷന്റെ റീഡേഴ്‌സ് സർക്കിൾ പരിപാടിക്ക് തുടക്കം കുറിച്ച് എഴുത്തുജീവിതത്തെക്കുറിച്ചും രചനാവഴികളെക്കുറിച്ചും സംസാരിക്കുകയായിരുന്നു ആനന്ദ് നീലകണ്ഠൻ.
പുരാണങ്ങളിലെ ഏറ്റവും ശക്തയായ കഥാപാത്രം വാല്മീകിയുടെ രാമായണത്തിലെ സീതയാണെന്ന് എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ. സീതയെ ഫെമിനിസ്റ്റായാണ് വാല്മീകി അവതരിപ്പിച്ചത്. ഏറ്റവും ദുർബല മഹാഭാരതത്തിലെ ദ്രൗപദിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സീതയ്ക്ക് തിരഞ്ഞെടുപ്പുകൾക്കുള്ള സ്വാതന്ത്ര്യം വാല്മീകി നൽകി. ലക്ഷ്ണരേഖയുടെ ലംഘനവും രാമ-രാവണ യുദ്ധവും അഗ്നിശുദ്ധിയുമെല്ലാം സീത സ്വയം തിരഞ്ഞെടുത്തതാണ്. രാവണനോടുള്ള പ്രതികാരം പോലും സീത സ്വയം ചെയ്തതാണ്.
ജോലിയിലെ വിരസതയാണ് തന്നെ എഴുത്തുകാരനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പുരാണങ്ങളെ എല്ലാ കോണുകളിൽനിന്നും സമീപിക്കാനാണ് രചനകളിലും ടി.വി. സീരിയലുകളിലുമായി ശ്രമിച്ചത്. മഹിഷ്മതിയും ലങ്കയും ഇന്നത്തെ ഇന്ത്യയുടെ പ്രതീകങ്ങളാണ്.
അതിന്റെ വരികൾക്കിടയിലൂടെ പലതും വായിച്ചെടുക്കാം. മനസ്സുകളിലേക്ക് കടന്നുചെല്ലാൻ കഴിയുന്നത് പുസ്തകരചനയിൽ മാത്രമാണ്.
ഒരുപാട് അടരുകൾ അതിൽ സൃഷ്ടിക്കാനാകും. സ്‌ക്രീനിനുവേണ്ടിയുള്ള എഴുത്തിൽ അതിനു പറ്റില്ല.
രാജമൗലിയും സാബു സിറിലും ചേർന്ന് സൃഷ്ടിച്ച മഹിഷ്മതി എല്ലാവർക്കും ഒരേ പോലെയാണ് അനുഭവപ്പെടുക. പക്ഷേ, പുസ്തകത്തിൽ ഓരോരുത്തരും അവരവരുടേതായ തരത്തിൽ അതിനെ വായിച്ചെടുക്കുന്നു. എഴുത്തുകാർ ആകാൻ ആഗ്രഹിക്കുന്നവർ ദൃശ്യഭാഷയിൽ വേണം എഴുതാൻ. ഈഗോയുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല സിനിമയ്ക്കും സീരിയലിനും വേണ്ടിയുള്ള എഴുത്ത്. അതിൽ നമ്മുടേത് വാടകയ്ക്കെടുത്ത കൈയാണ്. ഈഗോയുള്ളവർ പുസ്തകമെഴുതുകയാണ് ചെയ്യേണ്ടത്. കൂടുതൽ ഈഗോയുള്ളവർക്ക് കവിതയെഴുതി സ്വയം വായിക്കാം-ആനന്ദ് നീലകണ്ഠൻ പറഞ്ഞു.
Content Highlights: Anand Neelakantan, Indian Epics, Seetha, Draupadi, Mathrubhumi