'സനാതന ഹിന്ദുത്വം ദളിതന്റെ കൈയില്‍ അടിച്ചേല്‍പ്പിച്ചത് ചൂലായിരുന്നു'- ശരണ്‍ കുമാര്‍ ലിംബാളെ

കോഴിക്കോട്: ആദിവാസികള്‍ക്കും ദളിതര്‍ക്കും വിലകല്പിക്കാന്‍ സനാതനഹിന്ദുത്വം ഒരിക്കലും തയ്യാറായിട്ടില്ലെന്ന് മഠാഠി എഴുത്തുകാരന്‍ ശരണ്‍ കുമാര്‍ ലിംബാളെ അഭിപ്രായപ്പെട്ടു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ശരണ്‍ കുമാര്‍ ലിംബാളെയുടെ 'സനാതന്‍' നോവലിന്റെ പരിഭാഷാപതിപ്പിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ചരിത്രം എന്നും ഉന്നതവര്‍ഗത്തിനൊപ്പമായിരുന്നു. ഉന്നതകുലജാതരോടും രാജാക്കന്മാരോടുമാണ് ചരിത്രം നീതിപുലര്‍ത്തിയത്. എന്നാല്‍, ദളിതരടക്കമുള്ള സാധാരണമനുഷ്യരോട് അതുണ്ടായില്ല. സനാതന ഹിന്ദുത്വം ദളിതന്റെ കൈയില്‍ അടിച്ചേല്‍പ്പിച്ചത് ചൂലായിരുന്നു'' -അദ്ദേഹം പറഞ്ഞു.
ആധുനിക ഇന്ത്യയിലേക്കും വ്യാപിച്ചുവളരുന്ന ജാതിവെറിയുടെ സനാതനസ്വഭാവമാണ് ശരണ്‍കുമാര്‍ ലിംബാളെ 'സനാതന്‍' എന്ന നോവലിലൂടെ വരച്ചുകാണിക്കുന്നതെന്ന് പുസ്തകം പ്രകാശനംചെയ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. എഴുത്തുകാരിയും വിവര്‍ത്തകയുമായ സി. കബനി ആദ്യപ്രതി ഏറ്റുവാങ്ങി. നോവല്‍ പരിഭാഷപ്പെടുത്തിയ ഡോ. എന്‍.എം. സണ്ണി, പ്രോവിഡന്‍സ് കോളേജ് ഇംഗ്‌ളീഷ് വിഭാഗം മേധാവി ഡോ. ശാന്തി വിജയന്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: saran kumar limbale dalit writer malayalam translation sanathan book release