ഒടുവിൽ ആശങ്കകൾ നീങ്ങുന്നു; റുഷ്ദി ജീവിതത്തിലേക്ക് തിരിച്ചുവരികയാണെന്ന് മുന്‍ ഭാര്യ പദ്മ ലക്ഷ്മി

പദ്മ ലക്ഷ്മി
പദ്മ ലക്ഷ്മി

യു.എസില്‍ കത്തിക്കുത്തേറ്റ് ചികിത്സയില്‍ക്കഴിയുന്ന ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്ന് മുന്‍ ഭാര്യ പദ്മ ലക്ഷ്മി. ഒടുവിൽ ആശങ്കകൾ നീങ്ങുകയായി എന്നും അദ്ദേഹത്തിന് എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കട്ടെയെന്നും പദ്മ ലക്ഷ്മി ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരിയും മോഡലും ടി.വി അവതാരകയുമാണ് പദ്മ ലക്ഷ്മി. 2004 ലായിരുന്നു സല്‍മാന്‍ റുഷ്ദിയും പദ്മ ലക്ഷ്മിയും വിവാഹിതരായത്. 2007 ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തിരുന്നു.

സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററില്‍നിന്ന് മാറ്റിയതായി കുടുംബം സ്ഥിരീകരിച്ചിരുന്നു. റുഷ്ദി സംസാരശേഷി വീണ്ടെടുത്തതായി അദ്ദേഹത്തിന്റെ ഏജന്റ് ആന്‍ഡ്രൂ വൈലി വ്യക്തമാക്കി. 

ന്യൂയോര്‍ക്കിലെ ഷടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രഭാഷണത്തിനെത്തിയപ്പോഴായിരുന്നു റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. ആക്രണത്തില്‍ റുഷ്ദിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Content Highlights: salman rushdie is 'pulling through' after stabbing 'nightmare', says his former wife Padma Lakshmi