ഗുസ്തിസമരത്തിനുപിന്നിൽ ബബിത ഫോഗട്ട്, അവരുടെ ലക്ഷ്യം മറ്റൊന്ന്- സാക്ഷി മാലിക്

ന്യൂഡൽഹി: ഗുസ്തിതാരങ്ങളുടെ സമരത്തിനുപിന്നിൽ ബി.ജെ.പി. നേതാവ് ബബിത ഫോഗട്ടെന്ന് ഒളിമ്പിക് വെങ്കലമെഡൽജേതാവ് സാക്ഷി മാലിക്. ബബിതയ്ക്ക് ഗുസ്തി ഫെഡറേഷൻ സ്ഥാനത്തെത്താൻവേണ്ടിയായിരുന്നു ബ്രിജ് ഭൂഷണ് എതിരായ സമരം ആസൂത്രണംചെയ്തതെന്നും സാക്ഷി മാലിക് ആരോപിച്ചു. വിറ്റ്നെസ് (സാക്ഷി) എന്ന പേരിൽ പുറത്തിറക്കിയ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. ബ്രിജ് ഭൂഷണെതിരേ ലൈംഗികാരോപണങ്ങൾ ഉന്നയിച്ച് സമരംനടത്താൻ ആദ്യം സമീപിച്ചത് ബബിത ഫോഗട്ടാണെന്നും അതിനുപിന്നിൽ അവർക്ക് രഹസ്യ അജൻഡകളുണ്ടായിരുന്നെന്നും സാക്ഷി കുറ്റപ്പെടുത്തി.
കോൺഗ്രസാണ് സമരത്തിനുപിന്നിലെന്നായിരുന്നു ആരോപണങ്ങൾ. എന്നാൽ, ബബിത ഫോഗട്ട്, ടിരത് റാണ എന്നീ ബി.ജെ.പി. നേതാക്കൾ ചേർന്നാണ് പ്രതിഷേധിക്കാനുള്ള സൗകര്യമുണ്ടാക്കിത്തന്നതെന്നും സാക്ഷി പറഞ്ഞു. തങ്ങളെ മുൻനിർത്തി അവർ രാഷ്ട്രീയം കളിക്കുകയായിരുന്നു. തങ്ങൾക്കൊപ്പം പോരാട്ടത്തിൽ ബബിത പങ്കാളിയാകുമെന്നാണ് കരുതിയതെന്നും സാക്ഷി മാലിക് പറഞ്ഞു.
ബ്രിജ്ഭൂഷണിൽനിന്ന് നേരിട്ടത് ദുരനുഭവം
കസാഖ്‌സ്താനിൽ 2012-ൽനടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ അന്നത്തെ റെസ്‍ലിങ് ഫെഡറേഷൻ ചെയർമാൻ ബ്രിജ് ഭൂഷണിൽനിന്ന് ദുരനുഭവം നേരിട്ടിരുന്നതായി സാക്ഷി മാലിക്. രക്ഷിതാക്കളോട് ഫോണിൽ സംസാരിക്കാനെന്നുപറഞ്ഞ് തന്നെ ഹോട്ടൽമുറിയിലേക്ക് വിളിച്ചുവരുത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുംചെയ്തു. താൻ തടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ബ്രിജ്ഭൂഷൺ പിന്നോട്ടുപോയതായും കരഞ്ഞുകൊണ്ട് മുറിയിൽനിന്ന് പുറത്തേക്കോടിയതായും പുസ്തകത്തിൽ സാക്ഷി പറയുന്നു.
Content Highlights: Babita Phogat planned wrestlers' protest to become federation chief: Sakshi Malik reveals