കഥയുടെ 'പൊതിച്ചോറ്' വിളമ്പിയ കാരൂര്‍ വിടവാങ്ങിയിട്ട് 50 വര്‍ഷം

കോട്ടയം: കാരൂര്‍ എന്ന കാരൂര്‍ നീലകണ്ഠപ്പിള്ള. എഴുത്തിലും പുസ്തക പ്രസാധനത്തിലും കോട്ടയത്തിന് വലിയ ഇടം സൃഷ്ടിച്ചയാള്‍. 1975 സെപ്റ്റംബര്‍ 30-നാണ് കാരൂര്‍ നീലകണ്ഠപ്പിള്ള വിടവാങ്ങിയത്. ചരമത്തിന്റെ 50-ാം വാര്‍ഷികത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുകയാണ്, ചെറുമകനും രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡല്‍ നേടിയ മുന്‍ പോലീസുദ്യോഗസ്ഥനുമായ എന്‍.രാമചന്ദ്രന്‍.
അപ്പൂപ്പന്‍ മരിക്കുമ്പോള്‍ രാമചന്ദ്രന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി. തിരുനക്കര അമ്പലത്തില്‍നിന്ന് ഒന്ന് നീട്ടിനടന്നാല്‍ അഞ്ചു മിനിറ്റ് കൊണ്ടെത്തുന്ന കാരാപ്പുഴയിലെ കാരൂര്‍ വീട്ടില്‍ അന്ന് വന്നുപോകാത്ത സാഹിത്യ-സാംസ്‌ക്കാരിക നായകരില്ല. 'പട്ടം താണുപിള്ള, എം. ഗോവിന്ദന്‍, പാറപ്പുറം, പൊന്‍കുന്നം,
വി.എം. കുട്ടി, പുതൂര്‍, തകഴി, ബഷീര്‍... അവരെല്ലാം എത്തിയിരുന്നു. അതുകൊണ്ട് ചെറുപ്പകാലത്തേ അവരിലൂടെ പല ലോകം അടുത്തറിയാന്‍ എനിക്കും അവസരമുണ്ടായി.'-രാമചന്ദ്രന്‍ പറയുന്നു.
വലിയ ഗൗരവക്കാരനായിരുന്നു കാരൂര്‍. അധികം സംസാരിക്കില്ല. നല്ല വായനക്കാരന്‍. അന്ന് പലര്‍ക്കും ജീവനോപാധിയായിരുന്നു എഴുത്ത്. എഴുത്തുകാരന് 30 ശതമാനം റോയല്‍റ്റി കൊടുക്കുന്ന അവസ്ഥയിലേക്ക് എത്തിച്ച സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിനുവേണ്ടി ചുക്കാന്‍ പിടിച്ച അപ്പൂപ്പനെ നേരില്‍ കണ്ട് സംസാരിക്കാന്‍ വരുന്ന പലരിലൂടെയും കേട്ടത് പലതരം ജീവിതസാചര്യങ്ങളായിരുന്നുവെന്നും രാമചന്ദ്രന്‍ പറയുന്നു.
കഥകള്‍ എഴുതുമ്പോള്‍ മാത്രമല്ല പ്രസിദ്ധീകരിക്കുമ്പോഴും കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു അപ്പൂപ്പന്‍, വളരെ സുന്ദരമായ ചിത്രങ്ങള്‍ നിറഞ്ഞ ഒരു പെട്ടിയില്‍ കുട്ടികള്‍ക്കുള്ള കഥപ്പുസ്തകങ്ങള്‍ നിറഞ്ഞ 'സമ്മാനപ്പെട്ടി' അപ്പൂപ്പന്റെ ആശയമായിരുന്നു.
രണ്ട് കഥ സിനിമയാക്കിയിട്ടുണ്ട്. ഒന്ന് ബി.കെ. പൊറ്റക്കാട് സംവിധാനംചെയ്ത ‘പൂമ്പാറ്റ’. മറ്റൊന്ന് ‘അഞ്ചുകടലാസ്’. 'പൂമ്പാറ്റ’യുടെ ഷൂട്ടിങ് കോട്ടയത്തായിരുന്നു. അന്ന് ബാലതാരം ശ്രീദേവി കാരൂര്‍ വീട്ടിലാണ് താമസിച്ചത്' -രാമചന്ദ്രന്‍ ഓര്‍ക്കുന്നു.
അധ്യാപകന്‍ കൂടിയായ കാരൂരിന്റെ ‘പൊതിച്ചോറ്’ മനുഷ്യ മനസ്സിനെ വല്ലാതെ ഉലച്ച കഥയാണ്. വിശപ്പ് സഹിക്കാനാകാതെ വിദ്യാര്‍ഥിയുടെ പൊതിച്ചോറ് മോഷ്ടിച്ചുകഴിച്ച ഒരു പ്രഥമാധ്യാപകന്റെ കഥ.
സംഘം വളര്‍ന്ന വഴി
കാരൂരിന്റെ നൂറാം ജന്മദിനത്തില്‍ മാതൃഭൂമിയില്‍ മകളും എഴുത്തുകാരിയുമായ ബി. സരസ്വതി 'കാരൂര്‍ എന്റെ അച്ഛന്‍'- എന്ന തലക്കെട്ടില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ വളര്‍ച്ചയെക്കുറിച്ച് എഴുതിയിട്ടുണ്ട്. 1965-ല്‍ അച്ഛന്‍ സംഘത്തില്‍നിന്ന് പിരിയുമ്പോഴാണ് സംഘത്തിന്റെ 20-ാം വാര്‍ഷികാഘോഷം. ലോകത്തൊരിടത്തും ഇതുപോലൊരു സംഘമില്ലെന്ന് അന്ന് പല പ്രഗല്ഭരും പറഞ്ഞത് മലയാളത്തിന് കാലം കാട്ടിത്തന്ന വലിയ പാഠമാണ്. 125-രൂപകൊണ്ട് തുടങ്ങിയ സംഘം കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടാക്കി. കൂടിയ നിരക്കില്‍ റോയല്‍റ്റിയും കൊടുത്തു' -ഇപ്പോള്‍ ഏറ്റുമാനൂരിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന മകള്‍ ബി.സരസ്വതി കുറിച്ച പ്രവര്‍ത്തനശൈലിയില്‍ സാഹിത്യപ്രവര്‍ത്തകസംഘം ഇന്നും മുന്നോട്ടുപോകുന്നു. സംവിധായകനും ക്യാമറാമാനുമായ വേണു. ബി.സരസ്വതിയുടെ മകനാണ്.
Content Highlights: Commemorating 50 years since the passing of Karur Neelakanta Pillai, a literary figure and publisher from Kottayam.