‘പുലർച്ചെ മൂന്നു മണിക്ക് എഴുന്നേറ്റ് കുളിച്ചശേഷം എഴുതാനിരിക്കും’; ടീച്ചറുടെ ശീലം, രാഹുലിന് അദ്ഭുതം

'ഹൗ ആർ യു ടീച്ചർ, ഹൗ ഈസ് യുവർ ഹെൽത്ത്?' ഡോ. എം. ലീ ലാവതിയുടെ കൈകളിൽ പിടിക്കുമ്പോൾ രാഹുൽഗാന്ധി ചോദിച്ചു. വീൽച്ചെയറിൽ ഇരുത്തി ടീച്ചറെ വേദിയിലേക്ക് കൊണ്ടുവന്ന ശേഷം അതുപോലെ തന്നെ തിരിച്ച് വീട്ടിലേക്ക് വീൽച്ചെയർ തള്ളുമ്പോൾ രാഹുൽ പറഞ്ഞു- 'ഐ വിൽ ഡിപ്പോസിറ്റ് ഹെർ ബാക്ക് ഇൻ ഹെർ റൂം...' തിങ്കളാഴ്ച പകൽ ലീലാവതി ടീച്ചറുടെ വീട്ടിൽ കണ്ടതെല്ലാം സ്‌നേഹത്തിന്റെ കാഴ്ചകളായിരുന്നു.
പ്രിയദർശിനി സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ദിവസമെത്താറായപ്പോൾ മുതൽ ലീലാവതി ടീച്ചർ അല്പം ആകാംക്ഷയിലായിരുന്നു. ഉടുക്കാനായി കരുതിവെച്ചിരുന്ന പുതിയ സാരി കാണാനില്ലെന്നതായിരുന്നു ആദ്യത്തെ ടെൻഷൻ.
മൂന്നുനാല് ദിവസമായി ഈ സാരി അന്വേഷിച്ച് ടീച്ചർ തങ്ങളെക്കൊണ്ട് തങ്ങളുടെ വീടുവരെ അരിച്ചുപെറുക്കിച്ചെന്ന് ശിഷ്യയായ റിട്ട. അധ്യാപിക രതി. ഒടുവിൽ സാരി കണ്ടെത്തി അത് ഉടുത്തായിരുന്നു ടീച്ചർ രാഹുലിനെ കാത്തിരുന്നത്.
സ്വകാര്യ സംഭാഷണത്തിനായി രാഹുൽ വീട്ടിലേക്ക് കയറിവരുമ്പോൾ ടീച്ചറുടെ മകൻ വിനയനും ഭാര്യ ബാലാ മണിയും അടക്കം ഏതാനും പേർ മാത്രമേ മുറിയിലുണ്ടായിരുന്നുള്ളൂ.
ടീച്ചറുടെ അരികിൽ കസേരയിട്ടിരുന്ന് സംസാരിക്കുമ്പോൾ രാഹുൽ ആദ്യം ചോദിച്ചത് എഴുത്ത് തുടങ്ങിയ കാലത്തെപ്പറ്റിയായിരുന്നു. എന്നും പുലർച്ചെ മൂന്നു മണിക്ക് എഴുന്നേറ്റ് കുളിച്ചശേഷം എഴുതാനിരിക്കുന്ന ശീലത്തെപ്പറ്റി ടീച്ചർ പറഞ്ഞപ്പോൾ രാഹുലിന്റെ മുഖത്ത് അദ്ഭുതം.
ടീച്ചറോട് ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത് എന്താണെന്ന് ചോദിച്ചപ്പോൾ ഉത്തരമായി ഒരു പുസ്തകം മുന്നിലേക്ക് നീട്ടി, മറാത്തി എഴുത്തുകാരനായ സൂരജ് മിലിന്ദ് യെങ്‌ഡേയുടെ 'കാസ്റ്റ്'; അതേക്കുറിച്ചുള്ള നിരൂപണം.
സംസാരം ഇന്ദിരാഗാന്ധിയുടെ വിശേഷങ്ങളിലേക്ക് കടന്നപ്പോൾ ടീച്ചർ സ്വന്തം കൈയക്ഷരത്തിൽ എഴുതി ഒപ്പിട്ട ഒരു പുസ്തകം രാഹുലിനുനേരേ നീട്ടി. 'ഇന്ദിരാഗാന്ധി' എന്ന ആ പുസ്തകം കൈകളിലെത്തുമ്പോൾ രാഹുലിന്റെ മുഖത്ത് നിറഞ്ഞ സ്‌നേഹപുഞ്ചിരി.
പത്ത് മിനിറ്റിലേറെ മുറിയിലിരുന്ന് സംസാരിച്ച ശേഷം വേദിയിലേക്ക് പോകാൻ എഴുന്നേറ്റപ്പോൾ ടീച്ചറുടെ കൈപിടിച്ച് നടത്തിയത് രാഹുലായിരുന്നു. വാതിൽ വരെ നടന്നശേഷം പിന്നീട് ടിച്ചറെ വീൽച്ചെയറിലേക്ക് കയറ്റിയിരുത്തുമ്പോൾ രാഹുൽ താഴേക്ക് കുനിഞ്ഞു.
ടീച്ചറുടെ കാൽ സുരക്ഷിതമായി വീൽച്ചെയറിലേക്ക് രാഹുൽ കയറ്റിവെച്ചു. വേദിയിലെത്തി സംസാരിക്കുമ്പോൾ പലപ്പോഴും ടീച്ചറുടെ കൈകളിൽനിന്ന് താഴേക്കുപോയ മൈക്ക് ചില നേരത്ത് രാഹുൽ തന്നെ പിടിച്ചുകൊടുത്തു.
പുരസ്‌കാരദാനം കഴിഞ്ഞ് രാഹുൽ ഉടനെ വേദി വിടുമെന്ന് കരുതിയവരെ അദ്ഭുതപ്പെടുത്തി അദ്ദേഹം ആ വീൽച്ചെയറിന്റെ ഒരു കൈയിൽ പിടിച്ചു. ടീച്ചറെ ഇരുത്തി വീൽച്ചെയർ തള്ളുമ്പോഴാണ് രാഹുൽ ചിരിയോടെ പറഞ്ഞത് - ''ഐ വിൽ ഡിപ്പോസിറ്റ് ഹെർ ബാക്ക് ഇൻ ഹെർ റൂം...'
Content Highlights: Rahul Gandhi`s heartwarming visit to Dr. M. Leelavathi, a teacher with an inspiring writing habit. Discover the deep respect and admiration shared.