കേരളത്തിലേക്ക് വരുന്നത് സ്വന്തം വീട്ടിലേക്കെന്നപോലെ, കോഴിക്കോട് എന്റെയും സാഹിത്യനഗരം -പ്രതിഭാറായ്

മാതൃഭൂമി സാഹിത്യപുരസ്കാര സമർപ്പണച്ചടങ്ങിൽ പങ്കെടുക്കാൻ ജ്ഞാനപീoജേതാവ് പ്രതിഭാറായ് കോഴിക്കോട്ടെത്തിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌
മാതൃഭൂമി സാഹിത്യപുരസ്കാര സമർപ്പണച്ചടങ്ങിൽ പങ്കെടുക്കാൻ ജ്ഞാനപീoജേതാവ് പ്രതിഭാറായ് കോഴിക്കോട്ടെത്തിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌

‘‘എനിക്ക് ഒരുപാട് സന്തോഷമുണ്ട്, പിന്നെയും പിന്നെയും ഇവിടേക്ക് വരാൻപറ്റുന്നതിൽ. യുനസ്‌കോ സാഹിത്യനഗരമായതിൽ കോഴിക്കോടിനെ അഭിനന്ദിക്കുന്നതിനൊപ്പം എന്നെത്തന്നെയും അഭിനന്ദിക്കുകയാണ് ഞാൻ. മലയാളസാഹിത്യത്തിന്റെ ഭാഗമാണല്ലോ ഞാനും’’ -ചെറുചിരിയോടെ പ്രതിഭാറായ് പറയുന്നു. ‘മാതൃഭൂമി’ സാഹിത്യപുരസ്കാരം എഴുത്തുകാരി സാറാ ജോസഫിന് സമ്മാനിക്കാൻ കോഴിക്കോട്ടെത്തിയതായിരുന്നു ജ്ഞാനപീഠജേതാവായ പ്രതിഭാറായ്.

സ്വന്തം വീട്ടിൽ വരുന്നതുപോലെ

കോഴിക്കോട്ടേക്ക്, കേരളത്തിലേക്ക് വരുമ്പോഴൊക്കെ സ്വന്തം വീട്ടിൽവരുന്നതുപോലെയാണ് തോന്നാറ്. അത്രമാത്രം ഈ നാടും എഴുത്തുകാരും സാഹിത്യവും എനിക്ക് പ്രിയപ്പെട്ടതാണ്. 11 തവണ ഞാൻ കേരളത്തിലെത്തി, തിരുവനന്തപുരത്ത് മാതൃഭൂമി സാഹിത്യോത്സവത്തിലും തൃശ്ശൂർ സാഹിത്യ അക്കാദമിയിലുമെല്ലാം പോയിട്ടുണ്ട്.

എം.ടി.യെന്ന ജ്യേഷ്ഠൻ

എം.ടി. വാസുദേവൻനായർ എനിക്ക് മൂത്തജ്യേഷ്ഠനാണ്. വളരെ സ്നേഹമുള്ളൊരാൾ. അത്രയേറെ അടുപ്പം അദ്ദേഹവുമായി ഉണ്ടായിരുന്നു. സാഹിത്യ അക്കാദമിയിൽ അഞ്ചുവർഷം ഞങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. സത്യസന്ധനായ, ആത്മാർഥതയുള്ള, ഗൗരവക്കാരനായ ജ്യേഷ്ഠനാണ് എം.ടി. മുൻപ്‌ വന്നപ്പോൾ ഒ.എൻ.വി.യെയും കണ്ടിരുന്നു.

എല്ലാവരും മനുഷ്യർ

എഴുത്തിലായാലും ജീവിതത്തിലായാലും ലിംഗവ്യത്യാസമില്ല. ഫെമിനിസം എന്നാൽ മാനവികതതന്നെയാണ്. സ്ത്രീകളും മനുഷ്യരല്ലേ. മനുഷ്യർക്കുവേണ്ടിയുള്ള, മാനവികതയ്ക്കുവേണ്ടിയുള്ള പോരാട്ടമാണത്. സാറാ ജോസഫും അതുതന്നെയാണ് ചെയ്യുന്നത്. തീപ്പൊരിയാണ് അവർ.

ഇതും ബഹുമതി

മാതൃഭൂമി സാഹിത്യപുരസ്കാരച്ചടങ്ങിന് എത്താൻപറ്റിയത് വലിയ ബഹുമതിയാണ്. 1923 മുതലുള്ള പാരമ്പര്യമുണ്ട് മാതൃഭൂമിക്ക്. വലിയ ചരിത്രമുണ്ട്. എം.പി. വീരേന്ദ്രകുമാറുമായും പരിചയമുണ്ടായിരുന്നു. ഓർമ്മകളിലേക്ക് ചാഞ്ഞുകൊണ്ട് പ്രതിഭാറായ് പറഞ്ഞു.

Content Highlights: Jnanpith awardee Prabha Roy shares her love for Kozhikode, Kerala, and her bond with MT