ഒരു വ്യാഴവട്ടക്കാലത്തിനുശേഷം മലയാളം നേടുന്ന സരസ്വതി സമ്മാനുമായി പ്രഭാവര്‍മ

പ്രഭാവര്‍മ ദാമോദര്‍ മൗസോയില്‍ നിന്നും സരസ്വതി സമ്മാന്‍ സ്വീകരിക്കുന്നു
പ്രഭാവര്‍മ ദാമോദര്‍ മൗസോയില്‍ നിന്നും സരസ്വതി സമ്മാന്‍ സ്വീകരിക്കുന്നു

ഡല്‍ഹി: മുപ്പത്തിമൂന്നാമത് സരസ്വതി സമ്മാന്‍ ജ്ഞാനപീഠജേതാവ് ദാമോദര്‍ മൗസോയില്‍ നിന്നും പ്രഭാവര്‍മ ഏറ്റുവാങ്ങി. പന്ത്രണ്ട് വര്‍ഷത്തിനുശേഷമാണ് സരസ്വതി സമ്മാന്‍ മലയാളത്തിന് ലഭിക്കുന്നത്. അധികാരവും രാഷ്ട്രീയവും, വ്യക്തിയും രാഷ്ട്രവും കലയും അധികാരവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കഥ പറയുന്ന 'രൗദ്രസാത്വികം' എന്ന ആഖ്യായിക കാവ്യമാണ്‌ പുരസ്‌കാരം നേടിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മീഡിയ സെക്രട്ടറിയാണ് പ്രഭാവര്‍മ.

കെ.കെ ബിര്‍ള ഫൗണ്ടേഷനാണ് ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ സരസ്വതി സമ്മാന്‍ ഏര്‍പ്പെടുത്തിയത്. 1991 മുതലാണ് പുരസ്‌കാരം കൊടുത്തുതുടങ്ങിയത്. പ്രഥമ സരസ്വതി സമ്മാന്‍ നേടിയത് ഹരിവംശറായ് ബച്ചന്റെ ആത്മകഥയ്ക്കായിരുന്നു. ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും മികച്ച ഒരു കൃതിക്കാണ് വര്‍ഷം തോറും പുരസ്‌കാരം ലഭിക്കുക. 

സുപ്രീം കോടതി മുന്‍ ജസ്റ്റിസ് അര്‍ജുന്‍ കുമാര്‍ സിക്രിയാണ് ജൂറി ചെയര്‍മാന്‍.  തമിഴ് എഴുത്തുകാരി ശിവശങ്കരിയുടെ സൂര്യവംശം എന്ന നോവലിനാണ് കഴിഞ്ഞ തവണ പുരസ്‌കാരം ലഭിച്ചത്. പതിനഞ്ച് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

Content Highlights: prabha varma received saraswathi samman for roudra sathwikam