'കെ.ജെ ബേബിയുടെ മരണരീതി ചര്‍ച്ച ചെയ്യാന്‍ പൊതുസമൂഹം വൈമുഖ്യം കാണിച്ചു'- സക്കറിയ

കെ.ജെ ബേബി,  സക്കറിയ
കെ.ജെ ബേബി, സക്കറിയ

ജീവിതദര്‍ശനങ്ങള്‍കൊണ്ടും കാഴ്ചപ്പാടുകള്‍ കൊണ്ടും വയനാടിന്റെ സാമൂഹിക-സാംസ്‌കാരിക ഉന്നതിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചിട്ടും കെ.ജെ ബേബി തന്റെ ഏകാന്തതയെ മരണം കൊണ്ട് അവസാനിപ്പിച്ചു. യാതൊരു വിപ്ലവത്തിനും ജയിലിനും മുന്നില്‍ കുലുങ്ങാതിരുന്ന കെ.ജെ ബേബിയെപ്പോലൊരാള്‍ക്ക് ജീവിതം മടുക്കുമ്പോള്‍ പൊതുസമൂഹം അനുശോചനമറിയിച്ച് കൈകഴുകിയാല്‍മതിയോ എന്ന് ചോദിക്കുകയാണ് എഴുത്തുകാരന്‍ സക്കറിയ. സക്കറിയ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് വായിക്കാം.  

കെ ജെ ബേബി തന്റെ മരണരീതി തിരഞ്ഞെടുക്കുകയാണ് ഉണ്ടായത് - തന്റെ പ്രത്യേക ജീവിതരീതി തിരഞ്ഞെടുത്തത് പോലെ. ഇക്കാര്യം പരസ്യമായി ചര്‍ച്ച ചെയ്യാന്‍ ഒരു പൊതുവൈമുഖ്യം ഉള്ളത് പോലെ തോന്നി. പരമ്പരാഗത മരണത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു മരണത്തെ, ബേബിയെ പോലെ സമൂഹത്തില്‍ മുദ്ര പതിപ്പിച്ച ഒരാളുമായി ബന്ധപ്പെടുത്താന്‍ സമൂഹത്തിന് മടി ഉണ്ടായിരിക്കാം. ആത്മഹത്യ എന്ന പദം വിവക്ഷിക്കുന്ന മരണം ആശാസ്യമാണെന്നു സമൂഹം കരുതുന്നില്ല എന്നതായിരിക്കാം അതിന്റെ കാരണം. സമീപകാലം വരെ ആത്മഹത്യാശ്രമം കുറ്റകരമായിരുന്നു - അതായത് ആത്മഹത്യ കുറ്റമായിരുന്നു.

ഒരു വ്യക്തി സ്വയം ജീവിതം അവസാനിപ്പിക്കുമ്പോള്‍ സമൂഹം അതില്‍ കാണുന്നത് ഒരു പക്ഷേ ഒരു തരം ആഭ്യന്തരകലാപം ആയിരിക്കാം; ഒരു തരം പാരമ്പര്യ വിരുദ്ധ നിലപാട്. അല്ലെങ്കില്‍ ചില മതങ്ങള്‍ അനുശാസിക്കുന്നത് പോലെ, ദൈവം തന്ന ജീവന്‍ എടുക്കാന്‍ ദൈവത്തിനെ അധികാരം ഉള്ളൂ എന്ന വാദത്തിനെ ധിക്കരിക്കല്‍. അല്ലെങ്കില്‍ ഒരു വ്യക്തി, പ്രത്യേകിച്ച്  നിരാശിതര്‍ക്കും പരാജിതര്‍ക്കും വേട്ടയാടപ്പെടുന്ന നിഷ്‌കളങ്കര്‍ക്കും പീഡിപ്പിക്കപ്പെടുന്ന  നിസ്സഹായര്‍ക്കും ഇടയില്‍ നിന്നൊരാള്‍, ജീവിതം അവസാനിപ്പിക്കുമ്പോള്‍ അതില്‍ സമൂഹത്തിന് ഒരു പക്ഷേ ഉള്ള പങ്ക് സമൂഹത്തിനെ അസ്വസ്ഥമാക്കുന്നുണ്ടാവം.

വാര്‍ത്തകള്‍ പ്രകാരം ബേബി തന്റെ ജീവിതം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അദ്ദേഹം എഴുതി വച്ചിരുന്ന കത്തുകളില്‍ എന്ത് കൊണ്ട് ആ തീരുമാനം എടുത്തു എന്ന് വിശദീകരിക്കുന്നുണ്ടോ എന്ന് അറിഞ്ഞുകൂട.

പ്രതിഭാശാലിയായ ഒരു വ്യക്തി മരണത്തെ ആലോചനപൂര്‍വം തിരഞ്ഞെടുക്കുമ്പോള്‍ സമൂഹം അതു ശ്രദ്ധിക്കേണ്ടത് ഉണ്ടെന്ന് തോന്നുന്നു. ഏതോ ഒരു പാഠം, ഒരു സന്ദേശം, അതില്‍ ഉണ്ട്. ദുഃഖവും അനുശോചനവും പ്രസക്തമാണ്. പക്ഷേ അവയ്ക്കപ്പുറത്തേക്ക് നമ്മുടെ ചിന്തകള്‍ പോകേണ്ടതാണ്. ബേബിയുടെ അസാധാരണമായ ജീവിതവും കലയും ശ്രദ്ധിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ബേബിയുടെ മരണത്തിന്റെ അര്‍ത്ഥവും നാം ചിന്തിച്ചെടുക്കേണ്ടതുണ്ട്.

Content Highlights: paul zacharia reacts on the suicide of kj baby wayanad