അക്ഷരങ്ങളുടെ നിഴലില്‍നിന്ന് അവാര്‍ഡിന്റെ വെളിച്ചത്തിലേക്ക് ഡോ. പി.കെ. രാധാമണി

#സി.എം. വിനോദ് കുമാര്‍
പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഡോ. പി.കെ. രാധാമണി, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച അവാർഡിനർഹമായ 'അക്ഷരങ്ങളുടെ നിഴലിൽ' എന്ന പുസ്തകവുമായി കോഴിക്കോട് കിളിയനാട്ടെ വീട്ടിൽ അഭിനന്ദന ഫോൺകോളുകൾക്ക് മറുപടി പറയുന്നു. | ഫോട്ടോ: മാതൃഭൂമി
പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഡോ. പി.കെ. രാധാമണി, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച അവാർഡിനർഹമായ 'അക്ഷരങ്ങളുടെ നിഴലിൽ' എന്ന പുസ്തകവുമായി കോഴിക്കോട് കിളിയനാട്ടെ വീട്ടിൽ അഭിനന്ദന ഫോൺകോളുകൾക്ക് മറുപടി പറയുന്നു. | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: ഡോ. പി.കെ. രാധാമണിക്ക് വിവര്‍ത്തനം ഒരു സാധനയായിരുന്നു. ലളിതവും സഹജവുമായ ശൈലികൊണ്ട് അവരുടെ വിവര്‍ത്തനഗ്രന്ഥങ്ങള്‍ ശ്രദ്ധേയമായി. ഒടുവില്‍ അതിനുള്ള വലിയ അംഗീകാരമായി കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്. ഹിന്ദി സാഹിത്യകാരി അമൃതാപ്രീതത്തിന്റെ ആത്മകഥയുടെ മലയാളപരിഭാഷയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. 'അക്ഷരങ്ങളുടെ നിഴലില്‍' എന്നപേരില്‍ അത് മലയാളികളിലെത്തിച്ചത് മാതൃഭൂമി ബുക്‌സാണ്.

മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ഹിന്ദി വകുപ്പ് മേധാവിയായി വിരമിച്ച രാധാമണി ഗുരുവായൂര്‍ വാക സ്വദേശിയാണ്. മലബാര്‍ ക്രിസ്ത്യന്‍ കോളേജിനടുത്ത് കിളിയനാട് റോഡിലെ 'ധന്യ'യില്‍ തിങ്കളാഴ്ച വൈകീട്ട് കാണുമ്പോള്‍ ഏറെ സന്തോഷത്തിലായിരുന്നു അവര്‍. തന്റെ എഴുത്തുജീവിതത്തെക്കുറിച്ച് പി.കെ. രാധാമണി മനസ്സുതുറന്നു.

മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ത്തന്നെ അധ്യാപകനായിരുന്ന ഭര്‍ത്താവ് പ്രൊഫ. സി.പി. കരുണന്റെ വേര്‍പാട് സൃഷ്ടിച്ച ഏകാന്തത മറികടക്കാനാണ് താന്‍ എഴുത്തിലേക്കും വായനയിലേക്കും തിരിഞ്ഞതെന്ന് അവര്‍ പറഞ്ഞു. 2007-ല്‍ സര്‍വീസില്‍നിന്ന് വിരമിച്ച് ഒരുമാസത്തിനുള്ളിലായിരുന്നു ഭര്‍ത്താവിന്റെ വേര്‍പാട്. 

പി. പത്മരാജന്റെ 'ശവവാഹനങ്ങളും തേടി' എന്ന ചെറിയനോവല്‍ വിവര്‍ത്തനംചെയ്തുകൊണ്ടാണ് ആദ്യം ഈ രംഗത്ത് വന്നത്. ഇതിനകം 22 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഗുരുവായൂരപ്പന്‍ കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയും അടുത്ത സ്‌നേഹിതയുമായിരുന്ന ശാന്താ രാജഗോപാലിന്റെ വിയോഗശേഷം തയാറാക്കിയ ഓര്‍മക്കുറിപ്പാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.

എം.ടി.യുടെ അസുരവിത്ത് 'ശൈതാന്‍കി ഔലാദ്' എന്നപേരിലും എം.പി. വീരേന്ദ്രകുമാറിന്റെ 'ഹൈമവതഭൂവില്‍' 'വാദിയാം ബുലാതിഹൈ ഹിമാലയ് കീ' എന്നപേരിലും ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി. 22 ഇന്ത്യന്‍ ഭാഷകളില്‍നിന്നുള്ള കഥകളുടെ വിവര്‍ത്തനം 'കഥാഭാരതം' എന്നപേരില്‍ മൊഴിമാറ്റിയപ്പോള്‍ പ്രസിദ്ധീകരിച്ചതും മാതൃഭൂമിയാണ്. 

കെ.പി. രാമനുണ്ണിയുടെ 'സൂഫി പറഞ്ഞ കഥ' 'കഹാനി സൂഫികീ ജബാനി' എന്നപേരില്‍ ഹിന്ദിയിലാക്കിയതും ശ്രദ്ധിക്കപ്പെട്ടു. ഏറ്റവും ഒടുവില്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പരിഭാഷപ്പെടുത്തിയ ബിമല്‍മിത്രയുടെ 'ഉറക്കമില്ലാത്ത കഥ' ഏറെ വായനക്കാരെയുണ്ടാക്കി. യാത്രകള്‍ നാട്ടിലും മറുനാട്ടിലും, എഴുത്തും ജീവിതവും എന്നീ കൃതികള്‍ വിവര്‍ത്തനത്തിനുപുറമേ അവര്‍ എഴുതിയിട്ടുണ്ട്. രവീന്ദ്രകാലിയയുടെ ആത്മകഥ 'ഗാലിബ് ഛുട്ടിശരാബ്' മലയാളത്തിലാക്കിയതും രാധാമണിയാണ്.

''1971-ല്‍ എം.എ.യ്ക്ക് പഠിക്കാനാണ് കോഴിക്കോട്ടുവന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ ഹിന്ദി ബാച്ചായിരുന്നു. പഠനം കഴിഞ്ഞ് ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപികയായതോടെ എഴുത്തുകാരും വായനക്കാരുമുള്ള കോഴിക്കോടിനെ ഇഷ്ടപ്പെട്ടുതുടങ്ങി. ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ എം.ടി.യാണ്. പത്താംക്ലാസുവരെയേ മലയാളം പഠിച്ചിട്ടുള്ളൂവെങ്കിലും വായനയിലൂടെയാണ് ഭാഷയില്‍ വഴക്കം കിട്ടിയത്. മറ്റൊരു ഭാഷ പഠിക്കുമ്പോള്‍ നമ്മുടെ ഭാഷ കൂടുതല്‍ നന്നാവുമെന്നാണ് എന്റെ അനുഭവം'' -രാധാമണി പറഞ്ഞു.

12 കൊല്ലം ഗുരുവായൂരപ്പന്‍ കോളേജിലും 20 കൊല്ലം ക്രിസ്ത്യന്‍ കോളേജിലും അധ്യാപികയായിരുന്നു. മൂത്തമകന്‍ നിതിന്‍ കരുണ്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടറാണ്. രണ്ടാമത്തെ മകന്‍ ബിപിന്‍ കരുണ്‍ കോഴിക്കോട്ട് ബിസിനസ്സുകാരനും. ഭാഷാ സമന്വയവേദിയുടെ സജീവപ്രവര്‍ത്തകകൂടിയാണ് ഡോ. പി.കെ. രാധാമണി.

Content Highlights: P.K. Radhamani winner of Kendra sahitya akademi translation award 2023