കോഴിക്കോട്ട് 'എം.ടി. ഓർമ്മയ്ക്ക്' കൾച്ചറൽ പാർക്ക് വരും, മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് മകൾ

കോഴിക്കോട്: അക്ഷരങ്ങളുടെ അണയാത്ത വിളക്ക് കൊളുത്തിവെച്ച് കടന്നുപോയ എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് സാംസ്‌കാരിക പാർക്ക് വരുമെന്ന ബജറ്റ് പ്രഖ്യാപനം സാഹിത്യനഗരത്തിന് മിഴിവേകും. 50 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. കല-സാഹിത്യ-സാംസ്‌കാരിക പരിപാടികൾക്കുള്ള വേദിയും ഒപ്പം വിനോദ വിജ്ഞാനകേന്ദ്രവുമാണ് വിഭാവനം ചെയ്യുന്നത്.
കോഴിക്കോട്ട് എവിടെയാണ് ഇത് സ്ഥാപിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. കഥകളി, കൂത്ത്, തുള്ളൽ, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, മാർഗംകളി, അയനിപ്പാട്ട്, ഗോത്രകലാരൂപങ്ങൾ എന്നിവ അവതരിപ്പിക്കാനുള്ള സൗകര്യം പാർക്കിലുണ്ടാവും. ജെൻസീ തലമുറയിലുള്ളവരുടെ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കാനും നൃത്ത-സംഗീത കലാപരിപാടികൾ അവതരിപ്പിക്കാനുമുള്ള സൗകര്യവും ഉണ്ടാകും.
ഇതിനുപുറമേ സിനിമാതിയേറ്റർ, ലൈബ്രറി, ആർട്ട് ഗാലറി, ചരിത്ര മ്യൂസിയം, സാഹിത്യ-ഭാഷാ മ്യൂസിയം, എഴുത്തുകാരുടെയും മറ്റ് പ്രതിഭാശാലികളുടെയും ശബ്ദമ്യൂസിയം എന്നിവയും ഒരുക്കും. വിശ്രമവേളകൾ കുടുംബവുമൊത്ത് ചെലവഴിക്കാനുള്ള ഇടം, ഫുഡ് കോർട്ട്, ബുക്ക് ഷോപ്പ്, കലാപരമായ വസ്തുക്കൾ ലഭിക്കുന്ന ഷോപ്പുകൾ, ടൂറിസ്റ്റ് ഗസ്റ്റ് ഹൗസ്, ഡോർമെറ്ററി എന്നിവയും സജ്ജീകരിക്കും. നടത്തിപ്പിനായി കൾച്ചറൽ ടൂറിസം ട്രസ്റ്റ് ഉണ്ടാക്കും.
സർക്കാരിനോട് ആഗ്രഹം പറഞ്ഞിരുന്നു -അശ്വതി
ഒരിക്കലും ഒരു സ്മാരകം ആവശ്യമില്ലെന്ന് പറഞ്ഞിരുന്നെങ്കിലും അച്ഛനുള്ളപ്പോൾ തന്നെ ഒരു സാംസ്‌കാരിക-സാഹിത്യകേന്ദ്രത്തെക്കുറിച്ച് തങ്ങൾ ചർച്ച ചെയ്തിരുന്നതായി എം.ടി.യുടെ മകൾ അശ്വതി. ഈ ആഗ്രഹം സർക്കാരിന് മുന്നിൽ താൻ അവതരിപ്പിച്ചിരുന്നുവെന്നും ഇത്ര പെട്ടന്ന് അംഗീകരിച്ചതിൽ അദ്ഭുതമുണ്ടെന്നും അശ്വതി ഫെയ്സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന് നന്ദി അറിയിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
Content Highlights: Government allocation of ₹50 crore for the MT Vasudevan Nair Cultural Park., Facility will host traditional art forms including Kathakali, Theyyam, and Mappilapattu., Infrastructure includes a literary museum, voice museum, cinema theatre, and art gallery., Designed as a hub for Gen-Z to showcase short films and documentaries., Managed by a dedicated Cultural Tourism Trust.