'തന്റെ കൃതിക്കെതിരായ നിരൂപണം പ്രസിദ്ധീകരിക്കാനുള്ള ധൈര്യമാണ് എം.ടി. എന്ന പത്രാധിപരുടെ മേന്മ!'

കോഴിക്കോട്: എം.ടി. വാസുദേവന്‍നായര്‍ എന്ന പത്രാധിപരുടെ ഏറ്റവും വലിയ സംഭാവന ഇതാ, ഈ ഇരിക്കുന്ന എന്‍.എസ്. മാധവനാണെന്ന് കെ.സി. നാരായണന്‍ പറഞ്ഞപ്പോള്‍ മാധവന് അതിനോടു ചേര്‍ത്തുവെക്കാന്‍ അപൂര്‍വമായൊരു അനുഭവമുണ്ടായിരുന്നു.
''ഒരെഴുത്തുകാരനെ വീണ്ടും കണ്ടെത്താന്‍ എല്ലാ പത്രാധിപന്‍മാര്‍ക്കും കഴിയില്ല. അത് എം.ടി.ക്ക് കഴിഞ്ഞു. അങ്ങനെയാണ് വലിയ ഇടവേളയ്ക്കുശേഷം ഞാന്‍ വീണ്ടും എഴുതിത്തുടങ്ങിയത്. വിദൂരഗ്രഹം പോലെ തന്നെയെന്നും എം.ടി. സ്വാധീനിച്ചിരുന്നു'' - എന്‍.എസ്. മാധവന്‍ കൂട്ടിച്ചേര്‍ത്തു. എം.ടി. വാസുദേവന്‍ നായര്‍ക്ക് നവതിപ്രണാമമായി 'മാതൃഭൂമി' സംഘടിപ്പിക്കുന്ന 'സുകൃത'ത്തിന്റെ വേദിയിലെ വര്‍ത്തമാനങ്ങളിലാണ് എം.ടി. എന്ന പത്രാധിപരുടെ മിഴിവാര്‍ന്ന ചിത്രം തെളിഞ്ഞത്.
എം.ടി. പത്രാധിപരായശേഷമാണ് ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ ചെറുകഥയ്ക്ക് എന്‍.എസ്. മാധവന് ഒന്നാംസമ്മാനം കിട്ടിയത്. ''എന്തോ കാരണത്താല്‍ അക്കുറി സമ്മാനദാനമുണ്ടായില്ല. കോഴിക്കോട്ടുവരുകയോ സമ്മാനം വാങ്ങുകയോ പത്രത്തില്‍ പടംവരുകയോ ഒന്നുമുണ്ടായില്ല. 150 രൂപ സമ്മാനമായി അയച്ചുകിട്ടി.'' മാധവന്‍ എഴുത്തിന്റെ ആദ്യകാലങ്ങളോര്‍ത്തെടുത്തു.
''നാടുമായും മലയാളവുമായൊന്നും ബന്ധമില്ലാതിരുന്ന കാലം കഴിഞ്ഞ് തിരിച്ചുവന്നാണ് 'ഹിഗ്വിറ്റ' എന്ന കഥയെഴുതി മാതൃഭൂമിക്ക് അയച്ചത്. എം.ടി.ക്ക് തിരിച്ചയക്കാനുള്ള കവര്‍ സഹിതമാണ് അയച്ചത്. പക്ഷേ, കഥ അടുത്ത ലക്കത്തില്‍ പ്രസിദ്ധീകരിച്ചുവന്നു. താന്‍ അതുവരെ എഴുതിയതില്‍നിന്നൊക്കെ വ്യത്യസ്തമായിരുന്നു കഥയുടെ സമീപനം. അതിനാല്‍ സ്വീകാര്യമാവുമോ എന്നായിരുന്നു ആശങ്ക''.
ആത്മവിശ്വാസമുള്ള പത്രാധിപര്‍
തന്നിലുള്ള എഴുത്തുകാരനെക്കുറിച്ചുള്ള പൂര്‍ണമായ ആത്മവിശ്വാസത്തോടെയാണ് എം.ടി. പത്രാധിപരായിരുന്നതെന്ന് കെ.സി. നാരായണന്‍ നിരീക്ഷിച്ചു. എഴുത്തില്‍ ആര് പൊങ്ങിവന്നാലും കുഴപ്പമില്ല എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. എം.ടി. എഴുതിത്തുടങ്ങിയ കാലം മലയാളത്തിലെ എഴുത്തുകാര്‍ സംഘര്‍ഷത്തിലൂടെ കടന്നുപോയിരുന്ന കാലമായിരുന്നെന്ന് എന്‍.എസ്. മാധവന്റെ മറുപടി.
സാഹിത്യപത്രാധിപരായിരുന്നപ്പോഴും പത്രപ്രവര്‍ത്തനം ജനങ്ങളുടെ ഭാഗത്തുനിന്ന് തുടങ്ങണമെന്ന് പഠിപ്പിച്ചത് എം.ടി.യാണെന്ന് കെ.സി. നാരായണന്‍ ഓര്‍ത്തു.
'ഖസാക്കിന്റെ ഇതിഹാസം' പ്രസിദ്ധീകരിച്ച അതേ കാലത്തുതന്നെയാണ് എം.ടി.യുടെ 'കാലം' ആരും കാണാത്ത കേരളശബ്ദം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു പുസ്തകങ്ങളുടെയും നിരൂപണം എം.ടി. പത്രാധിപരായ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു. എന്തുകൊണ്ടാണ് കാലം എന്നെ അസ്വസ്ഥപ്പെടുത്താത്തത് എന്ന് നിരൂപണത്തില്‍ കെ.പി. നിര്‍മല്‍കുമാര്‍ എഴുതിയത് എം.ടി. അതേപോലെ പ്രസിദ്ധീകരിച്ചു. തന്റെ കൃതിക്കെതിരായ നിരൂപണം പ്രസിദ്ധീകരിക്കാനുള്ള ധൈര്യമാണ് എം.ടി. എന്ന പത്രാധിപരുടെ മേന്മ. എന്നിട്ടാണ് എം.ടി. പക്ഷപാതിത്വം കാണിച്ചെന്നുള്ള ആരോപണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: M.T@90, M.T. Vasudevan Nair, K.C. Narayanan, N.S. Madhavan, Session on M.T. as a news editor